ഭരണസമിതിയുടെ എതിര്‍പ്പ്: പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ ഖനനം നിര്‍ത്തിവെച്ചു

Webdunia
തിങ്കള്‍, 5 മെയ് 2014 (09:07 IST)
ഭരണസമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്തു നടന്നുവന്ന പുരാവസ്‌തു വകുപ്പിന്റെ ഖനനം നിര്‍ത്തിവെച്ചു. ഖനനം ക്ഷേത്രസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നു സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി വിലയിരുത്തിയിരുന്നു. തുടര്‍ന്ന്‌ മന്ത്രി കെ സി ജോസഫ്‌ പുരാവസ്‌തു ഡയറക്‌ടര്‍ക്ക്‌ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കുകയായിരുന്നു. ക്ഷേത്രസുരക്ഷയ്‌ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടതെന്ന്‌ ഇന്നലെ ചേര്‍ന്ന ഇടക്കാല ഭരണസമിതിയുടെ യോഗം തീരുമാനിച്ചു. ക്ഷേത്രത്തിലെ കാണിക്ക ബുധനാഴ്‌ച എണ്ണിത്തിട്ടപ്പെടുത്തും.
 
ഭരണസമിതിയുടെ അനുമതി വാങ്ങാതെയാണ്‌ ഖനനം നടത്തിയതെന്ന്‌ ജില്ലാ കലക്‌ടറും ഭരണസമിതി അംഗവുമായ ബിജു പ്രഭാകര്‍ വ്യക്‌തമാക്കി. ക്ഷേത്രസമിതി അധ്യക്ഷ കെപി ഇന്ദിരയുടെ നേതൃത്വത്തില്‍ നിലവിലുള്ള അംഗങ്ങളായ സര്‍ക്കാര്‍ പ്രതിനിധി കലക്‌ടര്‍ ബിജു പ്രഭാകര്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ എസ്‌ വിജയകുമാര്‍, ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ സതീശന്‍, പെരിയ നമ്പി എന്നിവര്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തി.
 
തുടര്‍ന്നു ചേര്‍ന്ന യോഗത്തിലാണ്‌ ഉല്‍ഖനനം നിര്‍ത്തിവയ്‌ക്കാന്‍ ഭരണസമിതി തീരുമാനമെടുത്തത്‌. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്‌ഥാപിക്കുന്നതിന്‌ കുഴിയെടുക്കുന്നതിനിടെയാണ്‌ ക്ഷേത്രത്തിന്റെ വടക്കേനടയില്‍ പടിക്കെട്ടുകള്‍ കണ്ടെത്തിയത്‌. തുടര്‍ന്നാണ്‌ പുരാവസ്‌തു വകുപ്പിന്റെ ഖനന വിഭാഗം വടക്കേനടയില്‍ പര്യവേഷണം തുടങ്ങിയത്‌.