ബോണസ് ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ തൊഴിലാളികള്‍ സമരത്തില്‍. ജില്ലയിലെ 118 പമ്പുകളിലെ തൊഴിലാളികള്‍ ആണ് അനിശ്ചിതകാലസമരം നടത്തുന്നത്. 2014-15 വര്‍ഷത്തെ ബോണസ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സമരം തീര്‍പ്പാക്കാന്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.
ഞായറാഴ്ച രാവിലെ ആറു മുതലാണ് ജില്ലയിലെ 118 പമ്പുകളിലെ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. വര്‍ഷങ്ങളായി ലഭിച്ചു വരുന്ന ബോണസ് നല്‍കില്ലെന്ന പിടിവാശിയിലാണ് ഉടമകളെന്ന് പെട്രോള്‍ പമ്പ് തൊഴിലാളി സംയുക്ത സമരസമിതി ആരോപിച്ചു.
അതേസമയം, മൊത്ത വരുമാനത്തിന്റെ 17.75 ശതമാനം ബോണസ് അനുവദിക്കുന്ന പെട്രോള്‍ പമ്പുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കാന്‍ സമരസമിതി തീരുമാനിച്ചു. ഇതിനിടെ, ശനിയാഴ്ച ജില്ല ലേബര്‍ ഓഫിസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉടമകള്‍ പങ്കെടുത്തില്ല.