ബോംബ്നിര്‍മ്മാണത്തിനിടെ സ്ഫോടനം: അഞ്ചു മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ മരിച്ചു

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (11:32 IST)
PRO
കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് നരിക്കാട്ടേരി അണിയാരികുന്നില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. മരിച്ചവരും പരുക്കേറ്റവരും മുസ്ലീംലീഗ് പ്രവര്‍ത്തകരാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പുത്തേരിടത്ത് മൊയ്തുവിന്റെ റഫീഖ് (30), ചെറിയതയ്യില്‍ ഹംസയുടെ മകന്‍ ഷെമീര്‍ (29), ചാലില്‍ മമ്മുഹാജിയുടെ മകന്‍ റിയാസ് (35) കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (21), വലിയപീടികയില്‍ അബ്ദുള്ളയുടെ മകന്‍ സബീര്‍ എന്നിവരാണ് മരിച്ചത്.

ബോംബ് നിര്‍മ്മാണത്തിനിടെ മീത്തലെ അണിയാരി മറിയത്തിന്റെ പറമ്പില്‍ വീടിനു സമീപമാണ്‌ സ്ഫോടനമുണ്ടായത്‌. സ്ഫോടനത്തില്‍ ഓ‍ലമേഞ്ഞ വീട്‌ പൂര്‍ണമായി തകര്‍ന്നു. ഉഗ്രമായ സ്ഫോടനശബ്‌ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ്‌ ആദ്യം ഓ‍ടിയെത്തിയത്‌. പൊലീസ്‌ സ്ഥലത്തെത്തുമ്പോഴേക്കും പരുക്കേറ്റവരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയിരുന്നു.

സി പി എം - യു ഡി എഫ് സംഘര്‍ഷം നിലനില്‍ക്കുന്ന കല്ലാച്ചി ടൗണിനടുത്ത് പയന്തോങ്ങിന്റെ സമീപപ്രദേശമാണ് നരിക്കാട്ടേരി. കഴിഞ്ഞദിവസങ്ങളില്‍ പയന്തോങ്ങ്‌ മേഖലയിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ 13 വീടുകള്‍ക്കു നേരെ ബോംബേറ് ഉണ്ടായിരുന്നു. ഇതില്‍ എട്ടെണ്ണം ലീഗ് അനുഭാവികളുടെയും മൂന്നെണ്ണം സി പി എം അനുഭാവികളുടെയും ഒരുവീട് കോണ്‍ഗ്രസ് അനുഭാവിയുടേതും ആണ്. കഴിഞ്ഞദിവസം രാത്രിയും ഒരു വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ഇതിനു പ്രതികാരം ചെയ്യാന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.