ബേബിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് കര്‍ണാടക പൊലീസ്

ചൊവ്വ, 22 ജനുവരി 2013 (10:13 IST)
PRO
PRO
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് കര്‍ണാടക പൊലീസ്. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി ഇതേക്കുറിച്ചുള്ള വാര്‍ത്തകളും പ്രതിഷേധങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ്‌ കേസെടുത്തിട്ടില്ലെന്ന വിശദീകരണവുമായി കര്‍ണാടക പൊലീസ്‌ രംഗത്തെത്തിയത്‌.

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ സമരം ചെയ്തതിന്റെ പേരിലാണ് ബേബിക്കെതിരെ കേസ് എടുത്തെന്ന വാര്‍ത്ത വന്നത്. ഉടുപ്പിയിലെ അനാചാരത്തിനെതിരെ സിപിഎം നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ബേബിയുടെ പ്രസംഗം. സമരം ഉദ്ഘാടനം ചെയ്തത് ബേബി ആയിരുന്നു.

ഉടുപ്പി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 'മടൈസ്നാന' എന്ന ചടങ്ങിനെതിരെ ആയിരുന്നു സമരം. ബ്രാഹ്മണര്‍ കഴിച്ച ഭക്ഷണത്തിന്റെ ഉച്ചിഷ്ഠത്തിന് മേല്‍ ദളിതര്‍ കിടന്ന് ഉരുളുന്ന ചടങ്ങാണിത്. ക്രമസമാധാനം തകര്‍ക്കുക, ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്നാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ ഉഡുപ്പി ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ ഡോ എം ബി ബോറലിംഗയ്യ ഈ വാര്‍ത്ത നിഷേധിച്ചു. ബേബിയുടെ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നും ഉണ്ടായിരുന്നില്ല. സി പി എം മാര്‍ച്ച്‌ നടത്തുന്നതിറിഞ്ഞ്‌ തടയാന്‍ ക്ഷേത്രത്തിന്‌ മുന്നില്‍ ഒരു വിഭാഗം നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ഉഡുപ്പി സംസ്കൃത കോളജിന്‌ മുന്നില്‍ മാര്‍ച്ചിനെ പൊലീസ്‌ തടഞ്ഞു.

തുടര്‍ന്ന്‌ പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി. ഏതാനും സി പി എം, ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. ഇതില്‍ ബേബിയുടെ പേരില്ല. അക്രമം നടക്കുമ്പോള്‍ ബേബി സ്ഥലത്തുണ്ടായിരുന്നില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക