ബിനീഷിനെതിരെ ഹര്‍ജി; വ്യാഴാഴ്ച വാദം തുടരും

Webdunia
വ്യാഴം, 28 ജനുവരി 2010 (15:47 IST)
PRO
PRO
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകനും വിവാദനായകനുമായ ബിനീഷ് കോടിയേരിക്ക്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി വാറണ്ട്‌ അയക്കണം എന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ രണ്ടാംകോടതി മുമ്പാകെ ഫയല്‍ ചെയ്ത ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പൊതുതാല്‍‌പര്യഹര്‍ജി ആയാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്.

ഹര്‍ജിയില്‍ ഇന്ന് രാവിലെ വാദം കേള്‍ക്കുകയുണ്ടായെങ്കിലും അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഇന്നും വാദം പറഞ്ഞില്ല. ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഭാഗം വാദം കേള്‍ക്കുന്നതിനായി മൂന്നുതവണ സമയം നല്‍കിയെങ്കിലും സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണ്‌ ചെയ്തത്‌.

ഊറ്റുകുഴി സ്വദേശി മനുവിനെ മാര്‍ ഈവാനിയോസ്‌ കോളജിന്‌ സമീപം കരിങ്കല്‍കൊണ്ട്‌ തലയ്ക്കടിച്ചു മുറിപ്പെടുത്തിയ കേസിലാണ്‌ ബിനീഷിനെതിരേ വാറന്‍റ് നിലവിലുണ്ട്. കേസിനാസ്പദമായ സംഭവം നടന്നത് 2000 ഒക്‌ടോബര്‍ 20 നാണ്. എന്നാല്‍ ഇതുവരെയും ഈ വാറന്‍റ് നടപ്പിലാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ബിനീഷ് ഇപ്പോള്‍ ദുബായില്‍ ആണ് ഉള്ളതെങ്കിലും ഇടക്കിടെ തിരുവനന്തപുരത്തും ജന്മനാട്ടിലും വന്നുപോകുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പൊലീസ് അത് കണ്ട മട്ടില്ല. കേരളത്തില്‍ ഇടക്കിടെ വന്നുപോകുന്ന ബിനീഷിനെതിരേ വാറന്‍റ് നടപ്പാക്കുന്നതില്‍ പോലീസ്‌ നിരന്തരം വീഴ്ചവരുത്തുന്നതായാണ് ഹര്‍ജിയില്‍ പറയുന്നത്.