ബിജെപി എന്ന വടവൃക്ഷത്തിന്റെ തണലില്‍ ചില പാഴ്‌ച്ചെടികള്‍ വളര്‍ന്നു: കുമ്മനം

ചൊവ്വ, 25 ജൂലൈ 2017 (16:07 IST)
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളിൽ ബിജെപിയെപ്പറ്റി വരുന്ന വാർത്തകൾ പാർട്ടിയെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്ര ഭരണത്തിന്റേയും ബിജെപിയെന്ന വടവൃക്ഷത്തിന്റേയും തണലിൽ ചില പാഴ്ച്ചെടികള്‍ വളർന്നുവരാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാല്‍ അക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍തന്നെ അവയെ പിഴുതെറിഞ്ഞെന്നും കുമ്മനം പറഞ്ഞു.    
 
സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കള്‍ക്കെതിരായ അഴിമതി ആരോപണം ഗൂഡാലോചനയാണ്. പാര്‍ട്ടിയെ ഒറ്റ് കൊടുക്കന്നവര്‍ എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കില്ല. ഇപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ചെയ്തിരിക്കുന്നത് അഴിമതിയല്ല. മറിച്ച് വ്യക്തിയധിഷ്ഠിത സാമ്പത്തിക തട്ടിപ്പാണ്. വ്യക്തിതാത്പര്യങ്ങള്‍ക്കായി പാര്‍ട്ടിയെ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തിരിമറി നടത്തിയെന്ന ആരോപണവും ഗൂഡാലോചനയാണെന്നും കുമ്മനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അയച്ച വിശദീകരണ കത്തില്‍ പറയുന്നു.
 
പാര്‍ട്ടി പ്രവര്‍ത്തകര്‍ പര്‍സ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കണം. അതുപോലെ വെല്ലുവിളികളെ ധീരമായി നേരിടാന്‍ സാധിക്കണമെന്നും കത്തില്‍ പറയുന്നു. വ്യക്തിതാത്പര്യത്തിനായി പാര്‍ട്ടിയെ ഒറ്റുക്കൊടുക്കില്ലെന്ന് പ്രവര്‍ത്തകരല്ലൊം പ്രതിജ്ഞ ചെയ്യണം. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് അനാവശ്യമായ ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്നും കത്തില്‍ കുമ്മനം ഉന്നയിക്കുന്നു.
 

വെബ്ദുനിയ വായിക്കുക