ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസിൽ സിപിഎം കോർപ്പറേഷൻ കൗൺസിലർ ഐ പി ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ എന്നിവര്‍ ഉള്‍പ്പെടെ നാലുപേർ പിടിയില്‍. യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിനു സമീപത്തുവെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ഐ പി ബിനു ഉൾപ്പെടെയുള്ള സിപിഎമ്മുകാരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ഇത്തരമൊരു ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഐ പി ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയുമാണെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇതിന് നേതൃത്വം നല്‍കിയത് ഐപി ബിനുവാണെന്ന കാര്യം വ്യക്തമാകുകയും ചെയ്തിരുന്നു. ആക്രമണം അഴിച്ചുവിട്ടവരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം പൊലീസ് അറിയിച്ചത്.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബിജെപി ഓഫിസ് ആക്രമിക്കുക എന്നത് സിപിഎമ്മിന്റെ ശൈലിയല്ല. ഒരുകാരണവശാലും പാർട്ടി എടുക്കുന്ന തീരുമാനങ്ങള്‍ പ്രവർത്തകർ മറികടക്കരുത്. സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ച് കേരളത്തിൽ ഉടനീളം അക്രമമുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നത്. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകള്‍ ആത്മസംയമനം പാലിക്കണമെന്നും പ്രകോപനത്തിൽപ്പെടരുതെന്നും കോടിയേരി പറഞ്ഞു.