എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ബാര്‍ ഉടമ ബിജു രമേശ് നാളെ മൊഴി നല്കില്ല. തിങ്കളാഴ്ച മൊഴി നല്കുന്നതിലുള്ള അസൌകര്യം ബിജു രമേശ് വിജിലന്‍സിനെ അറിയിച്ചു.
തിങ്കളാഴ്ച മന്ത്രി ബാബുവിനെതിരായ അന്വേഷണത്തില്‍ വിജിലന്‍സിന്റെ ക്വിക്ക് വേരിഫിക്കേഷന്‍ (ത്വരിത പരിശോധന) ആരംഭിക്കാന്‍ ഇരിക്കെ ബിജു രമേശിന്റെ നിലപാട് ശ്രദ്ധേയമാണ്. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗമായിരുന്നു ത്വരിത പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ചട്ടപ്രകാരം ത്വരിത പരിശോധനക്ക് 45 ദിവസംവരെ സമയമെടുക്കാം. ഈ സമയത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് വിജിലന്‍സ് എസ് പി കെ എം ആന്‍റണി പറഞ്ഞു.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറച്ചുകൊടുക്കാന്‍ കെ ബാബുവിന് പത്ത് കോടി രൂപ കൈക്കൂലി നല്‍കിയിരുന്നുവെന്നും തുടര്‍ന്ന് ലൈസന്‍സ് ഫീസില്‍ കുറവ് വരുത്തിയെന്നും ബിജു രമേശ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു.