എസ്.ബി.ടിയെ ലയിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന താത്പര്യത്തിന് എതിരാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസ്ക് പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രതിഷേധം എസ്.ബി.ഐയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എസ്.ബി.ടി അടക്കം രാജ്യത്തെ ആറ് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം എസ്.ബി.ഐ ഡയറക്ടര്‍ ബോര്‍ഡാണ് എടുത്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്നത്.
കേരളത്തില്‍ എസ്.ബി.ടി ജീവനക്കാര്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്‍റെ നിലപാട് ധനമന്ത്രി വിശദീകരിച്ചത്. സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്‍റെ മണക്കാട് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്‍റെ താത്പര്യത്തിന് എതിരാണ്. സാമൂഹ്യ, ആരോഗ്യ, കാര്‍ഷിക മേഖലകളില്‍ സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്കും എസ്.ബി.ടിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇവര്‍ ഇടപെടുന്നുണ്ട്. കര്‍ഷകരുടെ വായ്പകള്‍, വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് ഈ ബാങ്കുകള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുകയാണെങ്കില്‍ ഈ മേഖലകളിലെ സേവനങ്ങള്‍ പൂര്‍ണമായും ഇല്ലാതാകും.
ഇതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. അതിനാല്‍ ലയനത്തില്‍ സര്‍ക്കാരിനുള്ള പ്രതിഷേധം എസ്.ബി.ഐ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.