വൈക്കം മുഹമ്മദ് ബഷീറിന്‍റെ പേരില്‍ കോഴിക്കോട്ട് സ്മാരകം പണിയുമെന്ന് സാംസ്കാരിക മന്ത്രി എം.എ ബേബി പറഞ്ഞു. ഏഷ്യാനെറ്റിന്‍റെ ബഷീര്‍ ഉത്സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഷീര്‍ സാംസ്കാരിക സമ്മുച്ചയം എന്ന പേരിലായിരിക്കും സര്‍ക്കാര്‍ ബഷീര്‍ സ്മാരകം നിര്‍മ്മിക്കുക. ബഷീറിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും സ്മാരകം. സ്മാരകം പണിയുന്നതിന് ആവശ്യമായ സ്ഥലം ജില്ലാ ഭരണകൂടം ലഭ്യമാക്കിയാല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കും.
സാഹിത്യലോകത്തെ ഗാന്ധിയാണ് വൈക്കം മുഹമ്മദ് ബഷീറെന്നും അദ്ദേഹം പറഞ്ഞു. രചിച്ച കൃതിയെക്കാള്‍ പ്രതിഭയുള്ള ആളായിരുന്നു ബഷീറെന്ന് ഡോ സുകുമാര്‍ അഴീക്കോട് പറഞ്ഞു. യു.എ ഖാദര്‍, പി. വത്സല, കെ.പി മോഹന്‍, കോഴിക്കോട് മേയര്‍ എം.ഭാസ്കരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.