തിരുവനന്തപുരത്ത് വന്‍ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് പൊലീസിനെ വെട്ടിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് മോഷ്ടിച്ച കാര്‍ തമിഴ്നാട് - കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരിയില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസ് ഇവിടെയെത്തിയപ്പോഴേക്കും ബണ്ടി ചോര്‍ കടന്നുകളഞ്ഞു. ഇയാള്‍ ബാംഗ്ലൂരിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ടി എന്‍ 74 എം 0480 എന്ന നമ്പരിലുള്ള കാറാണ് കണ്ടെത്തിയിരിക്കുന്നത്. കാര്‍ ഉപേക്ഷിച്ച് ബണ്ടി ചോര്‍ രക്ഷപ്പെടുകയായിരുന്നു. കര്‍ണാടക പൊലീസിന്‍റെ സന്ദേശം അനുസരിച്ച് കേരള - തമിഴ്നാട് പൊലീസ് സംഘങ്ങള്‍ ബണ്ടി ചോറിന് പിന്നാലെയുണ്ട്.
അതേസമയം, തിരുവനന്തപുരത്തെ മോഷണത്തിന് മുമ്പ് ബണ്ടി ചോര്‍ പെരുമ്പാവൂരില്‍ എത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പറിന്‍റെ കണക്ഷന്‍ പെരുമ്പാവൂരില്‍ നിന്നാണ് എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്തെ കവര്‍ച്ചയ്ക്ക് മുന്നോടിയായി ചെട്ടിക്കുളങ്ങരയിലെ ലോഡ്ജിലാണ് ഇയാള്‍ താമസിച്ചിരുന്നത്. 18ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഇയാള്‍ മുറിയെടുത്തതെന്ന് ലോഡ്ജ് അധികൃതര്‍ നല്‍കിയ രേഖകളില്‍ നിന്ന് നേരത്തെ വ്യക്തമായിരുന്നു. അന്നാണ് ഇയാള്‍ കേരളത്തില്‍ എത്തിയതെന്നായിരുന്നു പൊലീസിന്‍റെ നേരത്തെയുള്ള നിഗമനം.
എന്നാല്‍ ഇതിനു മുന്‍പെ ഇയാള്‍ കേരളത്തില്‍ എത്തിയിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍. പെരുമ്പാവൂരില്‍ നിന്ന് ഇയാള്‍ എടുത്ത മൊബൈല്‍ കണക്ഷനാണ് ഇതിനുള്ള സൂചന നല്‍കുന്നത്.
രാജു പത്താന്‍ എന്നയാളുടെ പേരിലാണ് ബണ്ടി പെരുമ്പാവൂരില്‍ നിന്ന് സിം കരസ്ഥമാക്കിയത്. അതിനാല്‍ രാജു പത്താന്‍ എന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. ഇതുവരെ രാജു പത്താനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പേരും മേല്‍വിലാസവും തെറ്റാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇതേക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
നിര്‍മാണ ജോലിക്കായി കേരളത്തിലെത്തിയിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് പെരുമ്പാവൂര്‍. അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു കണക്ഷന്‍ എടുത്തതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.
കേരളത്തിലെ സാഹചര്യങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം യാതൊരു സംശയങ്ങള്‍ക്കും ഇട നല്‍കാതെയായിരുന്നു ഇയാളുടെ നീക്കങ്ങളെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.