ബഡ്ജറ്റ്: കേരളത്തിന് പരിഗണന ലഭിച്ചില്ല

Webdunia
ശനി, 14 ഫെബ്രുവരി 2009 (13:22 IST)
റയില്‍വെ ബഡ്ജറ്റില്‍ കേരളത്തിന്‌ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന്‌ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. കേരളത്തില്‍ നിന്നുള്ള എം പിമാരുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്ര റയില്‍‌വേ മന്ത്രി ലാലു പ്രസാദ്‌ യാദവിനെ കാണുമെന്നും രവി അറിയിച്ചു.

കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ പരാജയപ്പെട്ടതായി വയലാര്‍ രവി പറഞ്ഞു. കേരളത്തോടുള്ള അവഗണന ഗൗരവമായാണ് കാണുന്നത്. ഈ അവഗണനയ്ക്ക് റയില്‍‌മന്ത്രിയുമായുള്ള ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചകളിലൂടെ മുമ്പും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട് - രവി പറഞ്ഞു.

കേരളത്തിന്‌ ഒരു റയില്‍‌വേ സോണ്‍ അനുവദിക്കുക, അഞ്ച്‌ പുതിയ ട്രെയിനുകള്‍ നല്‍കുക എന്നിവയായിരുന്നു കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍. മലബാര്‍ മേഖലയുടെ വികസനം‍‍, പാതയിരട്ടിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ഇവയില്‍ ഒന്നുപോലും അംഗീകരിച്ചില്ല.

കേരളത്തിന്‍റെ ഈ ആവശ്യങ്ങളെക്കുറിച്ച് ബഡ്ജറ്റില്‍ പരാമര്‍ശം പോലുമില്ല. ബിലാസ്പുരില്‍ നിന്ന് തിരുവനന്തപുരം വഴി തിരുനെല്‍വേലിക്കുള്ള ട്രെയിന്‍ ആഴ്ചയില്‍ ഒരു ദിവസമാക്കിയതും എറണാകുളം - തിരുച്ചിറപ്പള്ളി എക്സ്പ്രസ്‌ നാഗൂര്‍ വരെ നീട്ടിയതും മുംബൈയില്‍ നിന്നു തിരുനെല്‍വേലിക്കുള്ള എക്സ്പ്രസ്‌ ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ്‌ നടത്തുന്നതുമാണ് കേരളത്തിന് ഗുണകരമായി ബഡ്ജറ്റിലുള്ള പ്രഖ്യാപനങ്ങള്‍.

ബുള്ളറ്റ്‌ ട്രെയിനുകള്‍ക്കുള്ള സാധ്യതാ പഠന ലിസ്റ്റില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയതും കേരളത്തിന് ആശ്വസിക്കാന്‍ വകയായി.