മസ്കറ്റില്‍ താമസിക്കുന്ന യുവതി നാട്ടിലെത്തി ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട കാമുകനോടൊപ്പം ഒളിച്ചോടിപ്പോയി. സംഭവത്തില്‍ കുടുങ്ങിയത് കാമുകന്റെ മാതാപിതാക്കള്‍. മാതാപിതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ചെറുപുഴ പുളിങ്ങോം കാനംവയലിലെ കുന്നപ്പള്ളി ഹൗസില്‍ ജോയി എന്ന ജോസഫ് (57), ഭാര്യ മേരി (മറിയ 56) എന്നിവരായാണ് പൊലീസ് അറസ്റ്റുചെയ്തത്.
തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മസ്കറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന എറണാകുളം സ്വദേശിനിയായ ഇരുപത്തൊന്നുകാരിയുടെ അച്ഛനാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയത്. കേസില്‍ ഇവരുടെ മകന്‍ ജോണി ജോസഫ് (29) കേസിലെ ഒന്നാം പ്രതിയാണ്. ഇയാളെയും യുവതിയേയും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മസ്കറ്റില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിക്കു പഠിക്കുന്ന യുവതി വീട്ടുകാരറിയാതെ ബാംഗ്ലൂരിലെത്തുകയായിരുന്നുവത്രെ. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ജോണി ജോസഫിനെ വിവാഹം കഴിക്കാനാണ് യുവതി പോയതെന്ന് മനസിലാക്കിയ യുവതിയുടെ ബന്ധുക്കളും പിന്നാലെ നാട്ടിലെത്തി. തുടര്‍ന്ന് ഇവര്‍ പെരിങ്ങോം പൊലീസില്‍ പരാതിയും ഹൈക്കോടതയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കുകയായിരുന്നു.
അതേസമയം, ഇതിനോടകം യുവതിയും യുവാവും നാടുവിട്ടിരുന്നു. കര്‍ണാടകയിലെ മടിക്കേരിയില്‍ വച്ച് ഇരുവരും കഴിഞ്ഞമാസം വിവാഹിതരായെന്ന് പറയപ്പെടുന്നു.