ഫേസ്ബുക്ക്: സ്പീക്കര്‍ക്ക് മറുപടിയുമായി ബല്‍‌റാം

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2012 (14:45 IST)
PRO
PRO
നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് ഫേ‌സ്ബുക്കില്‍ ഇട്ടതിനെ വിമര്‍ശിച്ചതിന് സ്പീക്കര്‍ക്ക് വി ടി ബല്‍‌റാം എം എല്‍ എയുടെ പരോക്ഷ മറുപടി. ‌ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കുന്ന വിധത്തില്‍ ചിന്താഗതി മാറണമെന്ന് ബല്‍‌റാം എം എല്‍ എ നിയസഭയില്‍ പറഞ്ഞു.

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജനാധിപത്യ സംവിധാനങ്ങള്‍ തയ്യാറാകണമെന്നും ബല്‍‌റാം പറഞ്ഞു. നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ നിയസഭയില്‍ സംസാരിക്കുകയായിരുന്നു ബല്‍‌റാം.

അവതരിപ്പിക്കേണ്ട ബില്ല് ഫേസ്ബുക്കിലിട്ടത് ചട്ടവിരുദ്ധവും അവകാശ ലംഘനവുമാണെന്ന്‌ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബല്‍‌റാമിനെതിരെ നടപടി എടുക്കാന്‍ ആകുമെങ്കിലും യുവ എം‌എല്‍‌എ ആയതിനാല്‍ ഇക്കുറി നടപടിയൊന്നും എടുക്കുന്നില്ല എന്നും സ്പീക്കര്‍ പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കുന്ന നഴ്സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഒരു അതോറിറ്റി രൂപീകരിക്കാനുള്ള ബില്ലാണ്‌ ബല്‍റാം ഇന്റര്‍നെറ്റില്‍ ഇട്ടത്‌. നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട്‌ രൂപമായിരുന്നു ഫേസ്‌ബുക്കിലൂടെയും ഗൂഗിള്‍ ഗ്രൂപ്പിലൂടെയും പുറത്തുവിട്ടത്.