പ്രണയ വിവാഹത്തിന്റെ നാലാം വർഷം; യുവദമ്പതികൾക്ക് സമുദായത്തിൽ നിന്നും ഭ്രഷ്ട്, മാധ്യമങ്ങളെ അറിയിക്കരുതെന്ന് ഭീഷണിയും

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (08:25 IST)
മക്കൾ മറ്റൊരു ജാതിയിലോ സമുദായത്തിലോ പെട്ട ആളുമായി പ്രണയിത്തിലായാൽ സമൂഹത്തെ ഭയന്ന് മക്കളെ കൊല ചെയ്യുന്ന മാതാപിതാക്കൾ ഇന്ത്യയിലുണ്ട്. പക്ഷേ, ദുരഭിമാന കൊലപാതകങ്ങൾ കേരള‌ത്തിൽ അധികമില്ല. എന്നാൽ, പകരം അവരെ ഭ്രഷ്ട് കൽപ്പിക്കുന്ന രീതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 
 
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവദമ്പതികൾക്ക് നാലര വർഷമായി സമുദായം ഭ്രഷ്ട് കൽപ്പിച്ചിരിക്കുകയാണ്. മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണും സുകന്യയുമാണ് സമുദായത്തിന്റെ ഭ്രഷ്ടിന് ഇരയായിരിക്കുന്നത്. സംഭവം മാധ്യമങ്ങളെ അറിയിച്ചാൽ തിക്താനുഭവങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ഇരുവരും നാലു വർഷം ഇക്കാര്യം ആരേയും അറിയിക്കാതെ ഇരിക്കുകയായിരുന്നു.
 
2012ലാണ്  ഇവർ രജിസ്റ്റർ വിവാഹം നടത്തിയത്. ഒരേ സമുദായക്കാരായിട്ടും ആചാരം തെറ്റിച്ചതിന്റെ  പേരിൽ വിവാഹശേഷം ഇരുവർക്കും സമുദായം ഭ്രഷ്ട് കൽപ്പിച്ചതായി ഇരുവരും പരാതി നൽകിയതിനെ തുടർന്നാണ് സംഭവം ഇപ്പോൾ പുറംലോകമറിയുന്നത്. 
 
മൊബൈൽ ആപ് വഴിയുള്ള സുകന്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. എന്നാൽ, അരുൺ അന്യസമുദായക്കാരനാണെന്നും  തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിന്റെ ഭാഗമായാണ് ഇരുവർക്കും കൽപ്പിച്ചിരിക്കുന്ന വിലക്ക് എന്നാണ് സമുദായവക്താക്കളുടെ ന്യായീകരണം. 
 
27കാരനായ അരുണിനേയും 23കാരിയായ സുകന്യയേയും കളങ്കിതരായി വിശേഷിപ്പിച്ച് സമുദായത്തിെൻറ പേരിൽ ലഘുലേഖയും ഇറക്കിയിരുന്നു. സമുദായത്തിലെ ആഘോഷങ്ങൾക്കോ വിശേഷങ്ങൾക്കോ സംബന്ധിക്കാനാവാതെ കഴിയുകയാണ് ഈ ദമ്പതികൾ. വിവാഹങ്ങൾക്കോ മരണാനന്തര ചടങ്ങുകളിലോ ഇവർക്ക് പ്രവേശനമില്ല. 
 
സുകന്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മാനന്തവാടി പൊലീസ് ഇരുവരെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഭ്രഷ്ട് കൽപ്പിച്ച സാമുദായിക നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട്  മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതി നൽകുമെന്ന് അഡ്വ ശ്രീജിത്ത് പെരുമന പറയുന്നു. 
Next Article