പ്രധാനമന്ത്രിക്ക് സമയമില്ല, മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (11:38 IST)
ഡല്‍ഹിയിലുള്ള സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ പ്രധാനമന്ത്രിക്ക് സമയക്കുറവ് ഉള്ളതു മൂലമാണ് കൂടിക്കാഴ്ച സാധ്യമല്ലാത്തത്. 
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കുവാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി ശ്രമിച്ചിരുന്നു.
 
വിഴിഞ്ഞം തുറമുഖ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിക്കായി ഇതുവരെ ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണു കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുന്നത്.വി‍ഴിഞ്ഞം പദ്ധതിക്ക്‌ സഹായകരമായ രീതിയില്‍ കബോട്ടാഷ്​നിയമത്തില്‍ ഇളവ്​ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും. 
 
മത്സ്യകര്‍ഷകരെ വിഷമത്തിലാക്കിയ മീനാ കുമാരി റിപ്പോര്‍ട്ടിന്മേലുള്ള കേരളത്തിന്റെ ആശങ്കക് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിനെ മുഖ്യമന്ത്രി അറിയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയും മുഖ്യമന്ത്രി കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കേരളത്തിന് ഐ ഐ ടി, റബറിന്റെ ഇറക്കുമതി നികുതിയിലെ വര്‍ധനവ്​എന്നിവ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും.