പ്രണയസാഫല്യത്തിനായി പള്ളിവികാരി തിരുവസ്ത്രം ഉപേക്ഷിച്ചു

Webdunia
ചൊവ്വ, 22 ജനുവരി 2013 (17:41 IST)
PRO
PRO
കന്യാസ്ത്രീയുമായുള്ള പ്രണയം സാക്ഷാത്ക്കരിക്കാന്‍ പള്ളി വികാരി വൈദികപട്ടം ഉപേക്ഷിച്ച് തിരുവസ്ത്രം തിരികെ ഏല്‍പ്പിച്ചു. പാലാ രൂപതയുടെ കീഴിലെ അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ ജോസഫ് മലയി(36)ലാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്.

കന്യാസ്ത്രീയുമായുള്ള പ്രണയബന്ധത്തിന് നേരത്തെ ഇദ്ദേഹത്തിനെതിരെ അരമനയുടെ താക്കീത് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വൈദിക പട്ടം ഉപേക്ഷിക്കാന്‍ ഇദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പാലാ ബിഷപ്സ് ഹൗസില്‍ എത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജി ലഭിച്ചതായി ബിഷപ്സ് ഹൗസ് അധികൃതര്‍ അറിയിച്ചു.

രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന കാലത്താണ് രാമപുരം മഠത്തിലെ കന്യാസ്ത്രീയോട് വൈദികന് പ്രണയം തോന്നിയത്. പിന്നെ ഇത് വലിയ വിഷയമായി തീരുകയായിരുന്നു. ഈ വിഷയം രൂപതാ ആസ്ഥാനത്ത് അറിഞ്ഞതോടെ രണ്ടുവര്‍ഷം മുമ്പ് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ചിരുന്നു.

ഈ യുവതിയെ വിവാഹം ചെയ്യാനാണ് വൈദികന്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നാണ് പറയപ്പെടുന്നത്. ഞായറാഴ്ച മുതല്‍ ബിഷപ്സ് ഹൗസില്‍നിന്ന് നിയോഗിച്ച മറ്റൊരു വൈദികനാണ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്.