പോള്‍വധം: ഫോണ്‍കോള്‍ ഇറാനിയന്‍ യുവതിയുടേത്

Webdunia
തിങ്കള്‍, 11 ജനുവരി 2010 (12:55 IST)
PRO
PRO
കൊല്ലപ്പെട്ടതിനു ശേഷം പോളിന്‍റെ മൊബൈല്‍ ഫോണിലേക്ക് വന്ന വിളി ഇറാന്‍ സ്വദേശിനിയായ സാറ ആന്‍ മരിയ എന്ന യുവതിയുടേതായിരുന്നെന്ന് വെളിപ്പെടുത്തല്‍. പൊലീസ് ഹൈക്കോടതിയില്‍ ഇന്നു സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഇ വെളിപ്പെടുത്തലുകള്‍. പോളിന്‍റെ ലാപ്‌ടോപ്പിലെ ചിത്രങ്ങളും പൊലീസ് ഇന്ന് ഹാജരാക്കും.

പോളും പൂണെയില്‍ വിദ്യാര്‍ത്ഥിനിയായ സാറയെന്ന ഇറാനിയന്‍ യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നു. പോളും സാറയും ഓംപ്രകാശും മറ്റൊരു യുവതിയും ഒരാഴ്‌ചയോളം ഒന്നിച്ചുണ്ടായിരുന്നു.

കൊല്ലപ്പെട്ടതിനു ശേഷം ഫോണില്‍ എത്തിയത് ഇറാനിയന്‍ യുവതിയുടെ വിളിയായിരുന്നു. ഓംപ്രകാശും പോളും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

അതേസമയം പോള്‍ വധം സംബന്ധിച്ച അന്വേഷണം സി ബി ഐയ്‌ക്ക് വിടണമെന്ന പോളിന്‍റെ പിതാവിന്‍റെ വാദം കോടതി പരിഗണിക്കുകയാണ്. പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് ഐ ജി വിന്‍സന്‍റ് എം പോള്‍ നടത്തിയ വാര്‍ത്താസമ്മേളനം ഇപ്പോള്‍ കോടതി പരിശോധിക്കുകയാണ്. ഇതിനായി കോടതിമുറിയില്‍ എല്‍ സി ഡി സ്ക്രീന്‍ സജ്ജീകരിച്ചിരുന്നു. അപൂര്‍വ്വമായ നടപടി ക്രമമാണിത്. ഡിവിഷന്‍ ബെഞ്ചാണ് കോടതിയില്‍ സി ഡി പരിശോധിക്കുന്നത്.

കൊല്ലപ്പെട്ടതിനു ശേഷം പോളിന്‍റെ ഫോണിലേക്ക് വന്ന വിളികളെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും ഓം പ്രകാശുമായി പോളിന് ബന്ധമില്ലെന്നും ആരോപിച്ചായിരുന്നു പോളിന്‍റെ പിതാവ് ഹര്‍ജി സമര്‍പ്പിച്ചത്. പോള്‍ കൊല്ലപ്പെട്ടതിനു ശേഷം അന്നു രാത്രി തന്നെ 12.16ന് ആദ്യത്തെ വിളിയും 12.34ന് രണ്ടാമത്തെ വിളിയും വന്നിരുന്നു. ഈ ഫോണ്‍വിളികള്‍ ഇറാനിയന്‍ യുവതിയുടേതായിരുന്നെന്നാണ് പൊലീസ് ഇന്ന് വെളിപ്പെടുത്തിയത്. പോള്‍വധക്കേസില്‍ ഇതുവരെയുള്ള അന്വേഷണം കോടതി ഇന്ന് വിലയിരുത്തും.