പോര്‍ട്ടര്‍ വേഷത്തിലെത്തി മോഷണം നടത്തി അതേ കടയില്‍ വില്‍ക്കുന്നവര്‍ പിടിയില്‍

Webdunia
വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (12:20 IST)
PRO
രാവിലെ പോര്‍ട്ടര്‍ വേഷത്തിലെത്തി കറങ്ങി നടന്ന്‌ സ്ഥലം കണ്ടെത്തി രാത്രിയില്‍ കടകളില്‍ കവര്‍ച്ച നടത്തുന്ന രണ്ട്‌ പേര്‍ പിടിയില്‍. കല്ലായ്‌ ചക്കുംകടവ്‌ സ്വദേശി സൈനുദ്ദീന്‍, കൊളത്തറ സ്വദേശി സെയ്തലവി എന്നിവരെയാണ്‌ പിടികൂടിയത്‌.

വലിയങ്ങാടി കേന്ദ്രീകരിച്ച്‌ മോഷണം നടത്തി കളവ്‌ മുതല്‍ വലിയങ്ങാടിയിലെ കടകളില്‍ തന്നെ വില്‍ക്കുന്നതാണ്‌ ഇവരുടെ രീതി. മോഷണ മുതലുകളടക്കം ഇന്നലെ വെളുപ്പിന്‌ ബീച്ചിലെ ദാവൂദ്‌ ഭായ്‌ കപ്പാസി റോഡില്‍ വച്ചാണ്‌ ഇവരെ പിടികൂടിയത്‌.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന്‌ ചാക്ക്‌ കണക്കിന്‌ കുരുമുളക്‌, അടയ്ക്ക എന്നിവ മോഷണം നടത്തിയെന്ന്‌ പോലീസ്‌ പറഞ്ഞു.

പകല്‍ സമയങ്ങളില്‍ പോര്‍ട്ടര്‍വേഷത്തില്‍ കടകളില്‍ കയറിയിറങ്ങി സ്ഥലം കണ്ടുവച്ച്‌ രാത്രിയില്‍ ഓടിളക്കിയും, ഷീറ്റുകള്‍ പൊളിച്ചും അകത്ത്‌ കടന്നാണ്‌ ഇവര്‍ മോഷണം നടത്തിയിരുന്നത്‌.

കളവു നടത്തിക്കഴിഞ്ഞാല്‍ മോഷണ മുതല്‍ ഓട്ടോ വിളിച്ച്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ മാറ്റും. പിറ്റേന്നു തന്നെ ഇവര്‍ മോഷണ വസ്തു വലിയങ്ങാടിയിലുള്ള കടകളില്‍ തന്നെ വില്‍ക്കുകയും ചെയ്യുമെന്നും പൊലീസ് പറഞ്ഞു.