പൊലീസ് ബുദ്ധി: വഴിയില്‍ നഷ്ടമായ 1.43 ലക്ഷം രൂപ തിരിച്ച് കിട്ടി

Webdunia
വ്യാഴം, 4 ഏപ്രില്‍ 2013 (18:29 IST)
PRO
PRO
പള്ളുരുത്തി പൊലിസിന്റെ സമയോചിതമായ ഇടപെടല്‍ മീന്‍കച്ചവക്കാരനായ ബഷീറിന്‌ വഴിയില്‍ നഷ്ടമായ 1.43 ലക്ഷം രൂപ തിരിച്ചുകിട്ടി. ഇടക്കൊച്ചിയിലെ മത്സ്യ സംസ്ക്കരണ ശാലയില്‍ നിന്ന്‌ മീന്‍ വിറ്റയിനത്തില്‍ കിട്ടിയ 1,43,000 രൂപയും വാങ്ങി ബൈക്കില്‍ വീട്ടിലേക്ക്‌ വരികയായിരുന്ന ബഷീറിന്റെ കയ്യില്‍ നിന്നും വഴിയില്‍ പണം നഷ്ടപ്പെട്ടു. ബനിയന്റെ അകത്താണ്‌ പണം സൂക്ഷിച്ചിരുന്നത്‌.

ചുള്ളിക്കല്‍ എത്തിയപ്പോഴാണ്‌ പണം നഷ്ടപ്പെട്ടത്‌ അറിയുന്നത്‌. ഉടന്‍ പള്ളുരുത്തി സ്റ്റേഷനില്‍ പരാതി നല്‍കി. എസ്‌ ഐ എസ്‌ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസുദ്യോഗസ്ഥരായ സി ആര്‍ സന്തോഷ്‌,കുഞ്ഞുകൃഷ്ണനും ചേര്‍ന്ന്‌ ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു.

ഇടയ്ക്ക്‌ തോപ്പുംപടി ഇലക്ട്രിസിറ്റി ഓഫീസില്‍ ബില്‍ അടക്കുന്നതിനായി കയറിയകാര്യം ബഷീര്‍ അപ്പോഴാണ്‌ ഓര്‍ത്തത്‌. പൊലീസ്‌ വൈദ്യുതി ഓഫീസിലെത്തിയപ്പോള്‍ പച്ചസാരി ധരിച്ച സ്ത്രീക്ക്‌ വഴിയില്‍ നിന്ന്‌ എന്തോ കിട്ടിയതായി ഇലക്ട്രിസിറ്റി ഓഫീസിലുണ്ടായ ഒരാള്‍ പറഞ്ഞു.

പൊലീസ്‌ ഉടനെ വൈദ്യുതി ഓഫീസില്‍ ബില്‍ അടച്ച സ്ത്രീയുടെ വിലാസം കമ്പ്യൂട്ടറില്‍ നിന്ന്‌ ശേഖരിച്ചു. പൊലീസ്‌ ഉടനെ തോപ്പുംപടിയില്‍ താമസിക്കുന്ന സ്ത്രീയുടെ അടുത്തെത്തി. പൊലീസ്‌ എത്തിയ ഉടനെ തന്നെ പണം ലഭിച്ച കാര്യം സ്ത്രീ സമ്മതിച്ചു. പണം പൊലീസിനു കൈമാറുകയും ചെയ്തു. പൊലീസ്‌ സ്റ്റേഷനില്‍ എത്തിയ ബഷീറിന്‌ ഉദ്യോഗസ്ഥര്‍ പണം തിരിച്ചുനല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.30ഓടെയാണ്‌ സംഭവം. ഒരു മണിക്കൂറിനുള്ളില്‍ നഷ്ടപ്പെട്ട പണം കണ്ടെത്തി നല്‍കിയ ചാരിതാര്‍ഥ്യ്യത്തിലാണ്‌ പള്ളുരുത്തി പൊലീസ്‌.