പെരിന്തല്‍മണ്ണ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് പൊലീസ്. ഫ്രണ്ട്സ് എന്ന സ്വകാര്യ ബസിന്റെ ഇന്‍ഷുറന്‍സ് കാലാവധിക്കുള്ളില്‍ പുതുക്കാതിരുന്നതാണ് കാരണം. ബസിന്റെ ഇന്‍ഷുറന്‍സ് കാലാവധി ആഗസ്റ്റ് 10ന് അവസാനിച്ചിരുന്നു. അപകടം നടന്ന സെപ്തംബര്‍ ആറുവരെ ബസുടമ ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ല. അബ്ദുല്‍ മനാഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബസ് ഷാനവാസ് എന്ന ആളാണ് വാങ്ങിയത്.
എന്നാല്‍, രജിസ്ട്രേഷന്‍ അബ്ദുല്‍ മനാഫിന്റെ പേരില്‍ നിന്ന് മാറ്റിയിരുന്നില്ല. അതിനാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് അബ്ദുല്‍ മനാഫ് നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇതിനായി മനാഫിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. മനാഫിന്റെ സ്വത്തുവകകളുടെ വിവരം ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് അപകടത്തില്‍ 15 പേര്‍ മരണപ്പെട്ടിരുന്നു. ബസിന്റെ ഇന്‍ഷുറന്‍സ് പുതുക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇന്‍ഷുറന്‍സ് കാലാവധി പുതുക്കാതിരുന്ന ബസുടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.