പെണ്‍വാണിഭ മാഫിയയ്ക്ക് കീഴടങ്ങിയ സര്‍ക്കാര്‍ ആണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പി സി ജോര്‍ജ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടയിലേക്ക് തിരിക്കുന്നതിനായി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ആണ് പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
മാണിയെക്കുറിച്ച് ചോദിച്ചു തുടങ്ങിയ മാധ്യമപ്രവര്‍ത്തകരോട് മാണിയല്ലാതെ എത്ര മാന്യന്മാരുണ്ട് രാജ്യത്തെന്നും അവരെക്കുറിച്ച് ചോദിക്കെന്നുമായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. യു ഡി എഫ് പ്രതിച്‌ഛായ നന്നാക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി എ കെ ആന്റണി ഇടപെടണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
മാണിയെ പോലുള്ള മോഷ്‌ടാക്കളെ സര്‍ക്കാര്‍ പങ്കാളികളായി കൊണ്ടുപോയാല്‍ പ്രതിച്‌ഛായ നന്നാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ അഴിമതിക്കാരെയും മാറ്റി വേണം സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍. കേരളത്തെ രക്ഷിക്കാന്‍ താന്‍ ഉറങ്ങാതെ ജോലി ചെയ്യാന്‍ പോകുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
അഴിമതിക്കെതിരെ എല്ലാ നടപടികളും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. പെണ്‍വാണിഭ മാഫിയയ്ക്ക് കീഴടങ്ങിയ സര്‍ക്കാരാണ് ഇത്.
യു ഡി എഫ് ഒരുമിച്ചിരുന്ന് നല്ല ഭരണമാണെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ അംഗീകരിക്കില്ലെന്നും അഴിമതിക്കാരെ പുറത്തു കൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.