പൊലീസ് വാഹനങ്ങളില്‍ നിന്ന് പെട്രോള്‍, ഡീസല്‍ എന്നിവ ഊറ്റുന്നു എന്ന കേസില്‍ പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് പരാതി ഉയരുന്നതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാമ്പിലെ സീനിയര്‍ ഡ്രൈവര്‍ ക്യാമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹങ്ങളില്‍ നിന്ന് രഹസ്യമായി പെട്രോള്‍, ഡീസല്‍ എന്നിവ സ്ഥിരമായി ഊറ്റുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വിജിലന്‍സ് പരിശോധന നടത്തിയിരുന്നതിലാണ് സീനിയര്‍ ഡ്രൈവര്‍ പ്രതിയാണെന്ന് കണ്ടെത്തിയത്.
ഇയാളുടെ കാറില്‍ നിന്ന് വലിയ കന്നാസ്, പെട്രോള്‍ ഊറ്റുന്നതിനുള്ള ഓസ് എന്നിവ വിജിലന്‍സ് വിഭാഗം കണ്ടെടുത്തിരുന്നു. മുമ്പും ഇയാള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വകുപ്പ് തല നടപടി ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അന്നത്തെ പൊലീസ് കമ്മീഷണര്‍ ഇയാള്‍ക്ക് വലിയ വാഹനങ്ങള്‍ നല്‍കരുതെന്നും അനാവശ്യമായി ഇയാളെ ക്യാമ്പിനുള്ളില്‍ നിര്‍ത്തരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറില്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട ലോഗ് ബുക്ക് തുടങ്ങിയ റിക്കോഡുകള്‍ സൂക്ഷിച്ചിരുന്നില്ല എന്നും കണ്ടെത്തിയിരുന്നു.