പൂന്താനം ജീവിച്ചിരുന്നതിന്‌ തെളിവില്ല

Webdunia
ഞായര്‍, 17 ഫെബ്രുവരി 2008 (11:37 IST)
പണ്ഡിത ശ്രേഷ്ഠനും ജ്ഞാനപ്പാനയുടെ രചയിതാവുമായ സാക്ഷാല്‍ പൂന്താനം ജീവിച്ചിരുന്നതിന്‌ തെളിവില്ലെന്ന്‌ കോടതിയില്‍ സത്യവാങ്ങ്‌മൂലം ഫയല്‍ ചെയ്‌തിരിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ്‌ ഇത്തരമൊരു സത്യവാങ്ങ്‌മൂലം നല്‍കിയിരിക്കുന്നത്‌.

പെരിന്തല്‍മണ്ണ മുനിസിഫ്‌ കോടതിയില്‍ പൂന്താനം ഇല്ലത്തെ ചൊല്ലിയുള്ള കേസിലാണ്‌ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രനും അഡ്‌മിനിസ്‌ട്രേറ്റര്‍ വി. രതീഷും ഇത്തരമൊരു സത്യവാങ്ങ്‌മൂലം നല്‍കിയത്‌.

പെരിന്തല്‍മണ്ണയിലെ പി.വി. ശശിധരന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കി പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജിയുടെ വിചാരണയ്ക്കിടെയാണ്‌ ദേവസ്വംബോര്‍ഡ്‌ ഇങ്ങനെ സത്യവാങ്ങ്‌മൂലം നല്‍കിയത്‌.

പൂന്താനം ജീവിച്ചിരുന്നു എന്നത്‌ വിശ്വാസം മാത്രമാണ്‌. അഥവാ ജീവിച്ചിരുന്നുവെങ്കില്‍ അത്‌ ഇന്നു കാണുന്ന പൂന്താനം ഇല്ലത്ത്‌ ആയിരുന്നുവെന്നതിന്‌ ഒരു തെളിവുമില്ല എന്നാണ്‌ സത്യവാങ്മൂലത്തില്‍ പറയുന്നത്‌.

തിരുമാന്‌ധാംകുന്ന്‌ ഭഗവതിക്ക്‌ നിത്യപൂജ ചെയ്യാന്‍ തൊട്ടടുത്ത്‌ ഗുരുവായൂര്‍ ദേവസ്വത്തിന്‌ കീഴിലുള്ള പൂന്താനം വിഷ്ണു ക്ഷേത്രത്തിലെ ശാന്തിക്കാരനോട്‌ നിര്‍ദ്ദേശിക്കുന്ന ഉത്തരവിറക്കിയ കാര്യം ദേവസ്വം അധികൃതര്‍ നിഷേധിച്ചിരിക്കുകയാണിപ്പോള്‍. പൂന്താനം ഇല്ലത്തെ കെടാവിളക്കിന്‍റെ പരിപാലനവും ഏറ്റെടുത്തിരുന്നില്ലെന്നാണ്‌ ദേവസ്വം പറയുന്ന മറ്റൊരു കാര്യം.

ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഇല്ലം ഏറ്റെടുത്തത്‌ 1993 ആഗസ്റ്റ്‌ 29നാണ്‌. ഇല്ലത്തെ രാമന്‍ നമ്പൂതിരി 88ല്‍ മരിച്ചശേഷം അവകാശികളാണ്‌ സെറ്റില്‍മെന്‍റ് ആധാരപ്രകാരം ഇല്ലം ഉള്‍പ്പെടുന്ന 12.5 സെന്റ്‌ സ്ഥലം ദേവസ്വം ബോര്‍ഡിന്‌ സൗജന്യമായി വിട്ടുകൊടുത്തത്‌.

അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഇല്ലവുമായി ബന്‌ധപ്പെട്ട നാലര ഏക്കര്‍ സ്ഥലം വിവിധ വ്യക്തികളില്‍ നിന്നായി 25 ലക്ഷം രൂപ ചെലവില്‍ ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ അക്വിസിഷന്‍ ഓര്‍ഡറില്‍ പൂന്താനം ഇല്ലംവക ഭൂമി ക്ഷേത്ര വികസനത്തിനാണ്‌ ഏറ്റെടുക്കുന്നതെന്നാണ്‌ പറഞ്ഞിരുന്നത്‌.

ഇല്ലത്തെ ഉത്‌സവത്തോട് അനുബന്‌ധിച്ച്‌ നടന്നിരുന്ന പരിപാടികളെക്കുറിച്ച്‌ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്‌. ഇതോടെ ബോര്‍ഡ്‌ പരിപാടികള്‍ നടത്തുന്നതിന്‌ അനുവാദം നിഷേധിച്ചിരുന്നു.

ഇത്തരമൊരു സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ദേവസ്വത്തിനെതിരെ ശശിധരന്‍ മുന്‍സിഫ്‌ കോടതിയെ സമീപിച്ചത്‌. വരുന്ന ഏപ്രില്‍ ഏഴിന്‌ കോടതി കേസ്‌ വീണ്ടും പരിഗണിക്കും എന്നറിയുന്നു.