പുതിയ മന്ത്രി: യോഗം മാറ്റി

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2007 (16:32 IST)
KBJWD
പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനായി ഞായറാഴ്ച കോട്ടയത്ത് ചേരാനിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ യോഗം മാറ്റി വച്ചു. തിങ്കളാഴ്ചത്തേയ്ക്കാണ് യോഗം മാറ്റിയിരിക്കുന്നത്.

ചില നേതാക്കളുടെ അസൌകര്യം മൂലമാണ് യോഗം മാറ്റി വച്ചതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് അറിയിച്ചു. എന്നാല്‍ പി.ജെ.ജോസഫ് ഉള്‍പ്പെട്ട കേസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം നീട്ടി വച്ചതെന്ന സൂചനയുണ്ട്.

സി.പി.എം നേതാക്കളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാണ് ഞായറാഴ്ച നേതൃയോഗം വിളിച്ച് പുതിയ മന്ത്രിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് പുതിയ മന്ത്രിയുടെ സത്യ പ്രതിജ്ഞയും നിശ്ചയിച്ചിരുന്നു. പാര്‍ട്ടി നേതാക്കളായ ഈപ്പന്‍ വര്‍ഗീസ്, മോന്‍സ് ജോസഫ് എന്നിവരുടെ അസൌകര്യമാണ് യോഗം തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയതെന്നാണ് വിശദീ‍കരണം.

എന്നാല്‍ പി.ജെ.ജോസഫിനെതിരെ ചെന്നൈയില്‍ നടക്കുന്ന കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതാണ് യോഗം മാറ്റിവയ്ക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. അന്വേഷണം നീട്ടികൊണ്ട് പോകരുതെന്ന് ആവശ്യപ്പെട്ട് ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതനുസരിച്ച് ഒക്ടോബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ചെന്നൈ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ശനിയാഴ്ചയോ, തിങ്കളാഴ്ചയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് യോഗം.

തിങ്കളാഴ്ചയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പുതിയ മന്ത്രിയെ നിഴ്ചയിച്ച് മുഖ്യമന്ത്രിയെ അറിയിക്കും. ജോസഫ് മന്ത്രിയായില്ലെങ്കില്‍ മോന്‍സ് ജോസഫിനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്.