മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്റ്റിസ് കെ ടി തോമസിന്റെ നിലപാടുകളില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യം പ്രതിപാദിക്കുന്ന ഒരു ഭാഗത്ത് മാത്രം അദ്ദേഹം വേണ്ട രീതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ വിയോജനക്കുറിപ്പില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂട്ടെരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധൂകരിക്കാന്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ള ആറ് കാരണങ്ങള്‍ മുഴുവന്‍ സംസ്ഥാനത്തിന്റെ വാദങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്. പുതിയ അണക്കെട്ടിന് പച്ചക്കൊടി കിട്ടിയിരിക്കുകയാണ്. സുപ്രീംകോടതിയില്‍ അതിന് വേണ്ടി ശക്തമായ നിലപാട് കേരളം സ്വീകരിക്കും. ഇക്കാര്യത്തില്‍ അവസാന വാക്ക് സുപ്രീംകോടതിയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അണക്കെട്ടിന്റെ നിര്‍മാണച്ചെലവ് കേരളം വഹിക്കണമെന്നാണ് പറയുന്നത്. സര്‍ക്കാര്‍ അതിനു തയാറാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ ജസ്റ്റിസ് കെ ടി തോമസ് വിയോജനക്കുറിപ്പ് അറിയിക്കാത്തതിനെതിരെ ജലവിഭവമന്ത്രി പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ വാദങ്ങള്‍ കെ ടി തോമസ് വേണ്ട വിധത്തില്‍ അവതരിപ്പിച്ചില്ലെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തിയിരുന്നു.