പീഡനശ്രമം: അനാഥരായ മൂന്ന്‌ പെണ്‍കുട്ടികളെ ജനസേവ ശിശുഭവന്‍ ഏറ്റെടുത്തു

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2013 (12:12 IST)
PRO
PRO
പറവൂര്‍ ചേണ്ടമംഗലത്ത്‌ വാടകഷെഡില്‍ കഴിഞ്ഞിരുന്ന അനാഥരായ മൂന്ന്‌ പെണ്‍കുട്ടികളെ ജനസേവ ശിശുഭവന്‍ ഏറ്റെടുത്തു. പിതാവ്‌ സുരേഷ്‌ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ മൂവരേയും അമ്മയായ ചെല്ലമ്മയാണ്‌ കഷ്ടപ്പെട്ട്‌ വളര്‍ത്തിയത്‌. അമ്മ കുഷ്ഠ രോഗം പിടിപെട്ട്‌ കഴിഞ്ഞ വര്‍ഷം മരിച്ചതോടെ കുട്ടികളുടെ ജീവിതം അവതാളത്തിലായി. പിന്നീട്‌ അമ്മാവനാണ്‌ സംരക്ഷിച്ചത്‌.

ചേണ്ടമംഗലം കിഴക്കുംപുറത്ത്‌ താമസിക്കുന്ന കൂലിപ്പണിക്കാരനായ അമ്മാവന്റെ കൂടെ ചെറിയൊരു വാടക വീട്ടിലാണ്‌ കുട്ടികള്‍ കഴിഞ്ഞുകൂടിയിരുന്നത്‌. എന്നാല്‍ ഇവര്‍ കുട്ടികള്‍ക്ക്‌ ഭക്ഷണം നല്‍കാതെ വീട്ടുജോലി ചെയ്യിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും പതിവായിരുന്നൂവെന്ന്‌ കുട്ടികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം മദ്യപാനിയായ അമ്മാവന്‍ കൂട്ടുകാരനുമൊത്ത്‌ വീട്ടിലെത്തി മദ്യപിക്കുകയും മദ്യപിച്ച്‌ ലക്കുകെട്ട ഇയാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ്‌ കുട്ടികള്‍ പറയുന്നത്‌. കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ ചേണ്ടമംഗലം കിഴക്കുംപുറം ആണത്ത്‌ പറമ്പില്‍ താമസിക്കുന്ന അയല്‍ക്കാരനായ ബേബിയും ഭാര്യയും കുട്ടികളെ രക്ഷപ്പെടുത്തി സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുപോയി. പിന്നീട്‌ തുടര്‍ സംരക്ഷണത്തിനായി ജനസേവ ശിശുഭവന്‍ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുവേണ്ട നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.