ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്ത് വിവാദത്തിലായ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോട്ടയം ഡിസിസി. ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ ജോര്‍ജ് പങ്കെടുത്തത് തെറ്റാണെന്ന് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു.
സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി തയാറാകണമെന്നും ഡിസിസി ആവശ്യപ്പെട്ടു. ജോര്‍ജ്ജിനെ ബഹിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും എന്നും ടോമി കല്ലാനി പറഞ്ഞു.
അതേസമയം പി സി ജോര്‍ജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരേ ഇന്ന് രംഗത്തെത്തി. ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥാനങ്ങള്‍ രാജിവയ്ക്കുമോ എന്ന് ജോര്‍ജ്ജ് ചോദിച്ചു. മസ്കറ്റ് ഹോട്ടലില്‍ ഗുജറാത്ത് പ്രതിനിധികള്‍ക്കൊപ്പം ആഭ്യന്തരമന്ത്രി ഭക്ഷണം കഴിച്ചതായും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മന്ത്രിമാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. തന്നെ ആരും മര്യാദ പഠിപ്പിക്കേണ്ട. തെറ്റ് ചെയ്താല്‍ ഭിക്ഷക്കാരന്‍ പറഞ്ഞാലും തിരുത്തും. അതിന് സോണിയാ ഗാന്ധിയുടെ അനുവാദം വേണ്ടെന്നും ജോര്‍ജ് പറഞ്ഞു.