സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്‍റെ ദുരന്തം ഏറ്റുവാങ്ങിയത് സി പി ഐ ആണെന്ന് പിണറായി പറഞ്ഞു. വര്‍ഗ നിലപാട് ഉപേക്ഷിക്കണമെന്ന തീരുമാനമാണ് സി പി ഐ അന്നെടുത്തത്. വഞ്ചനാപരമായ നിലപാടില്‍ നിന്ന് സി പി ഐ തിരിച്ചുവന്നത് സി പി എം കാരണമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വളരാന്‍ കഴിഞ്ഞത് സി പി എം രൂപീകരിച്ചതുകൊണ്ടാണെന്നും പിണറായി പറഞ്ഞു.
അതേസമയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെ കുറിച്ച് നവയുഗം വാരികയില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ച ദേശാഭിമാനിക്ക് ശനിയാഴ്ച ജനയുഗത്തിലൂടെ മറുപടി നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം 1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് പന്ന്യന്‍ ആവര്‍ത്തിച്ചു. ഭൂരിഭാഗം ഇടത് പ്രവര്‍ത്തകരും ഇതേ അഭിപ്രായം പുലര്‍ത്തുന്നവര്‍ തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പിളര്‍പ്പിന് മുമ്പ് മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. 28 അംഗങ്ങളുമായി ഒരുമിച്ച് നിന്നപ്പോള്‍ 35.5 ശതമാനം വോട്ടുണ്ടായിരുന്നു. 1965ല്‍ കിട്ടിയത് 27 ശതമാനം വോട്ടാണ് ഇത് പിളര്‍പ്പിന്റെ ഫലമാണ്. എന്നാല്‍ പിളര്‍പ്പെന്ന ദുരന്തത്തിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണ കുറഞ്ഞെന്നും പന്ന്യന്‍ പറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള പന്ന്യന്റെ കത്ത് നവയുഗം വാരിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. 75മത് വാര്‍ഷികം ആഘോഷിക്കാന്‍ സിപിഐ 50മത് വാര്‍ഷികം ആഘോഷിക്കുന്ന സിപിഐഎമ്മിനെ വിമര്‍ശിക്കണോ എന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ വി വി ദക്ഷിണമൂര്‍ത്തി ചോദിക്കുന്നു.