പിറവത്ത് നടന്നത് നെയ്യാറ്റിന്‍‌കരയില്‍ നടക്കില്ല: വെള്ളാപ്പള്ളി

Webdunia
ശനി, 24 മാര്‍ച്ച് 2012 (19:09 IST)
PRO
നെയ്യാറ്റിന്‍‌കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എമ്മില്‍ നിന്ന് രാജിവച്ച ആര്‍ ശെല്‍‌വരാജായിരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല സൂചന നല്‍കിയതിന് പിന്നാലെ യു ഡി എഫിനെതിരായ നിലപാടുമായി എസ് എന്‍ ഡി പി രംഗത്തെത്തി. പിറവത്ത് നടന്നത് നെയ്യാറ്റിന്‍‌കരയില്‍ നടക്കില്ലെന്നാണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരിക്കുന്നത്.

പിറവത്ത്‌ വിജയിച്ചത്‌ പോലെ നെയ്യാറ്റിന്‍കരയില്‍ ഒരു വിജയം യു ഡി എഫ് പ്രതീക്ഷിക്കേണ്ടതില്ല. നെയ്യാറ്റിന്‍കരയിലെ കോണ്‍ഗ്രസിനുള്ളില്‍ അനൈക്യം ഉണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കുപോലും അറിയാം - വെള്ളാപ്പള്ളി പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായ നിലപാടാണ് എസ് എന്‍ ഡി പി സ്വീകരിച്ചത്. നെയ്യാറ്റിന്‍‌കരയില്‍ അതുണ്ടാവില്ലെന്നാണ് വെള്ളാപ്പള്ളി നല്‍കുന്ന സൂചന.

പിറവത്ത് എന്‍ എസ് എസും യു ഡി എഫിനെ പിന്തുണച്ചിരുന്നു. അതേസമയം, നെയ്യാറ്റിന്‍‌കരയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് പൊതുനിലപാട് സ്വീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.