പിതൃസ്മരണാര്‍ത്ഥം ആയിരക്കണക്കിനു പേര്‍ സംസ്ഥാനത്തെ വിവിധ ബലിഘട്ടങ്ങളിലായി ബലിയര്‍പ്പിച്ചു. പുലര്‍ച്ചേ രണ്ടു മണി മുതല്‍ തന്നെ ബലിയര്‍പ്പിക്കാനായി ധാരാളം ആളുകള്‍ ബലിഘട്ടങ്ങളില്‍ എത്തിച്ചേര്‍ന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി തകര്‍ത്തു പെയ്യുന്ന മഴ കാരണം ബലിഘട്ടങ്ങളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായ ആലുവാ മണപ്പുറം വെള്ളത്തിനടിയിലായതിനാല്‍ ആലിന്‍ചുവട്ടിലേക്ക് ബലിമണ്ഡപം മാറ്റുകയാണുണ്ടായത്.
തിരുവനന്തപുരത്ത് വര്‍ക്കല പാപനാശം കടപ്പുറം, ശംഖുമുഖം, തിരുവല്ലം പരശുരമസ്വാമി ക്ഷേത്രം, അരുവിപ്പുറം എന്നീ പ്രദേശങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. എന്നാല്‍ ശംഖുമുഖം, വര്‍ക്കല പ്രദേശങ്ങളില്‍ തീരപ്രദേശങ്ങള്‍ മിക്കതും കടലിനടിയിലായത് ജനത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
കൊല്ലം തിരുമുല്ലവാരം, പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുനാവായ, വയനാട്ടിലെ തിരുനെല്ലി എന്നീ പ്രധാന ബലിഘട്ടങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
എങ്കിലും രാവിലെ മഴയ്ക്ക് സംസ്ഥാനമൊട്ടുക്ക് ശമനം ഉണ്ടായത് ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് അനുഗ്രഹമായി. കെ എസ് ആര്‍ ടി സിയും ഇവര്‍ക്ക് മികച്ച ഗതാഗത സൌകര്യം ഒരുക്കിയിരുന്നു.