പിണറായി സ്വാഗതമോതി; തിരിച്ചുപോക്കില്ലെന്ന് മുരളി

Webdunia
വെള്ളി, 10 മെയ് 2013 (15:44 IST)
PRO
PRO
സിപി‌എമ്മിലേക്ക് പിണറായി സ്വാഗതമോതി. എന്നാല്‍ സിപിഎമ്മുമായി യോജിപ്പ് മാത്രമാണ് ഉള്ളതെന്നും തിരിച്ചു പോക്കില്ലെന്നും ജനകീയ വികസന സമിതി നേതാവ് എംആര്‍ മുരളി. രാഷ്ട്രീയമായി സിപിഎമ്മിനോട് യോജിപ്പുണ്ട്. എന്നാല്‍ സംഘടനാപരമായി സിപിഎമ്മിനോട് ഇപ്പോഴും വിയോജിപ്പുണ്ട്. സിപിഎമ്മുമായി സഹകരിക്കേണ്ടിടത്ത് സഹകരിക്കുമെന്നും മുരളി പറഞ്ഞു.

ആരെങ്കിലും പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞാല്‍ വരേണ്ടെന്ന് പറയില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. വേണ്ടെന്ന് പറയുന്ന സമീപനം പാര്‍ട്ടിക്കില്ലെന്നും പിണറായി പറഞ്ഞു. നേരത്തെ വിഎസ് അച്യുതാനന്ദനും പാലക്കാട് ജില്ലാ നേതൃത്വവും മുരളിയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തിരുന്നു.

ടിപി വധത്തില്‍ സാക്ഷികളുടെ കൂറുമാറ്റം കേസ് അട്ടിമറിക്കാനാണെന്ന് കരുതാനാവില്ലെന്ന് എംആര്‍ മുരളി പറഞ്ഞു. ഷൊര്‍ണൂരില്‍ അധികാരം പങ്കിട്ടതുമായി ബന്ധപ്പെട്ട് ധാരണ തെറ്റിച്ചതാണ് മുരളി- കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടാന്‍ കാരണം. ധാരണപ്രകാരം ഷൊര്‍ണൂര്‍ നഗരസഭയില്‍ അധികാരക്കൈമാറ്റം ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങളായ വൈസ് ചെയര്‍പേഴ്‌സണും മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും രാജിവെച്ചിരുന്നു.