പാര്‍ട്ടിയിലെ പ്രതിപക്ഷനേതാവാണ് പിസി ജോര്‍ജെന്ന് മാണി

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (14:28 IST)
ത ന്റെ പാര്‍ട്ടിയിലെ പ്രതിപക്ഷനേതാവാണ് പി സി ജോര്‍ജെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും ശരിയാണോയെന്നും മാണി ചോദിച്ചു.
 
‘വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന് പറഞ്ഞ പോലെയാണ് പി സി ജോര്‍ജിന്റെ കാര്യമെന്നും വാ പൊളിച്ചാല്‍ മാണി വിരോധമല്ലാതെ ഒന്നും ജോര്‍ജിന് വരില്ലെന്നും മാണി പറഞ്ഞു. ജി എസ് ടി ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു കെ എം മാണി.
 
രാവിലെ പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പി സി ജോര്‍ജിന് മറുപടി നല്കുന്നത് നിലവാരമില്ലാത്ത നടപടിയാകുമെന്നും മാണി പറഞ്ഞു. പി സി ജോര്‍ജിനെക്കുറിച്ച് വൈകുന്നേരം എന്തെങ്കിലും പറയാമെന്നായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരിഹാസരൂപേണ മാണിയുടെ മറുപടി.
 
തനിക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകില്ലെന്നും മാണി പറഞ്ഞു. ആരെങ്കിലും വിളിച്ച് കൂവിയാല്‍ രാജി വെയ്ക്കാന്‍ താന്‍ ഭീരുവല്ല. കറയില്ലെങ്കില്‍ ആരെയും നേരിടാം. അന്വേഷണം നടക്കട്ടെയെന്നും ഇതുവരെ അന്വേഷണം നടത്തിയിട്ടും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.