പാപ്പയെകൊണ്ട് മാപ്പ് പറയിക്കണോ ?

Webdunia
ഞായര്‍, 13 ജൂലൈ 2008 (12:45 IST)
KBJKBJ
മാര്‍പാപ്പയെ മാപ്പ്‌ പറയിക്കാന്‍ ഇന്ത്യയിലേക്കും കേരളത്തിലേക്കും കൊണ്ടു വരികയാണോ പാഠപുസ്‌തകത്തിന്‍റെ പേരില്‍ വിവാദം ഉണ്ടാക്കുന്നവരുടെ ലക്‍ഷ്യമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം എ ബേബി ചോദിച്ചു.

‘ഓസ്‌ട്രേലിയയിലേയും അമേരിക്കയിലേയും പുരോഹിതരുടെ കൊള്ളരുതായ്‌മകളുടെ പേരില്‍ മാര്‍പ്പാപ്പക്ക്‌ മാപ്പ്‌ ചോദിക്കേണ്ടി വന്നിട്ടുണ്ട്‌. അറിവിനെതിരായ സമരത്തിന്‍റെ പേരിലും മാര്‍പാപ്പയെ കൊണ്ട്‌ മാപ്പ്‌ പറയിക്കാനാണോ ശ്രമം’- ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്‌തകത്തെ അനുകൂലിച്ചു കൊണ്ട്‌ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അറിവിനോടും ശാസ്‌ത്രത്തോടുമുള്ള ക്രൈസ്‌തവ സഭയുടെ സമരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ തുടങ്ങിയതാണ്‌. ഇതിനൊടെല്ലാം പിന്നീട്‌ മാപ്പ്‌ പറയേണ്ടിയും വന്നു. പാഠപുസ്‌തകത്തിനെതിരെ സമരം നടത്തുന്നവരുടെ അജണ്ട വേറെ ചിലതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ കേരള സമൂഹം പുസ്‌തകങ്ങളിലേക്ക്‌ തിരിച്ചു വരുന്നതിന്‌ പാഠപുസ്‌തക വിവാദം സഹായകമായി. പുസ്‌തകത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനും സംസാരിക്കാനും കേരളീയര്‍ക്ക്‌ പുതിയ അവസര മുണ്ടാക്കാന്‍ ഈ വിവാദങ്ങള്‍ സഹായിച്ചു. സമൂഹത്തിലെ അഭിവന്ദ്യരെന്ന് കരുതുന്നവരുടെ വികലമായ നിലപാടുകള്‍ തിരിച്ചറിയുന്നതിനും പാഠപുസ്‌തക വിവാദം സഹായകമായി എന്നും മന്ത്രി ബേബി പറഞ്ഞു.

സുകുമാര്‍ അഴീക്കോട്‌ ജനകീയ കൂട്ടായ്‌മയില്‍ മുഖ്യ പ്രഭാഷണം നടത്തി. പാഠപുസ്‌തകത്തിന്‍റെ പേരില്‍ കുപ്രചരണം നടത്തുന്നവര്‍ക്ക്‌ എതിരെ സംസ്ഥാനത്ത്‌ ആകമാനം വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും കൂട്ടായ്‌മകള്‍ സൃഷ്ടിക്കാനുമാണ്‌ പുകസയുടെ നീക്കം.

തൃശൂരിലെത്തിയ മന്ത്രി എം എ ബേബിയെ നേരത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടിയിരുന്നു. വിവാദ പുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ നിരാഹാര സമരം നടത്തുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ടി സിദ്ധിഖിന്‍റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്‌.