പശുവിന്റെ ഉടമയെ കണ്ടെത്താന്‍ ഡിഎന്‍എ ടെസ്റ്റ്!

Webdunia
ചൊവ്വ, 7 ജനുവരി 2014 (12:39 IST)
PRO
PRO
പശുവിനെ മോഷ്ടിച്ചതായുള്ള പരാതിയില്‍ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവ്. പിറവന്തൂര്‍ കറവൂര്‍ സ്വദേശിനി ഗീതയുടെ പശുവിനെയും കിടാവിനെയും കുമരംകുടി സ്വദേശിനി ശശിലേഖ മോഷ്ടിച്ചു എന്ന പരാതിയില്‍ ആണ് കോടതി ഉത്തരവ്.

പശുവിനെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാന്‍ പുനലൂര്‍ മൂന്നാംക്ളാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മോഷ്ടിച്ചു എന്ന് പറയപ്പെടുന്ന പശുവിന്റെ തള്ളപ്പശു ഗീതയുടെ വീട്ടിലുണ്ട്. ഇരു പശുക്കളുടെയും രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരിശോധനയ്ക്ക് അയച്ചു.

2013 ഫെബ്രുവരി നാലിനാണ് പശു മോഷ്ടിക്കപ്പെട്ടത് എന്ന് പരാതിയില്‍ പറയുന്നു. വനത്തില്‍ മേയാന്‍ വിട്ട പശുവിനെയും കിടാവിനെയും ശശിലേഖ തട്ടിയെടുത്തു എന്നാണ് ഗീത ആരോപിക്കുന്നത്.