പരിഹരിക്കേണ്ടവ പരിഹരിച്ചില്ല - ലീഗ്

Webdunia
ശനി, 31 മെയ് 2008 (15:58 IST)
KBJWD
മലപ്പുറത്തെ യു.ഡി.എഫ്‌ സംവിധാനം താറുമാറായികിടക്കുകയാണെന്നും അതാണു പരിഹരിക്കേണ്ടതെന്നും മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട്‌ ചേര്‍ന്ന ലീഗ്‌ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിലെ വികാരം കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയേയും പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചണ്ടിയേയും അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്‍റെ പ്രസ്‌താവന മാത്രമല്ല പ്രശ്നം. മലപ്പുറം ജില്ലയില്‍ യു.ഡി.എഫ്‌ സംവിധാനം തന്നെ ഇല്ലാതായ സ്ഥിതിവിശേഷത്തെക്കുറിച്ചാണ്‌ ലീഗിന്‍റെ പരാതി. ഇതില്‍ കെ.പി.സി.സി ഒരു തീരുമാനവും എടുത്തില്ല. ആര്യാടന്‍ പ്രശ്നം കൂടുതല്‍ ഊതി വീര്‍പ്പിക്കാന്‍ ലീഗിന് താത്പര്യവും ഇല്ല.

അടിസ്ഥാനപരമായ വിഷയങ്ങളില്‍ തീരുമാനം ഉണ്ടായേ തീരു. ലീഗ് നേതൃയോഗത്തിന്‍റെ തീരുമാനങ്ങള്‍ക്ക് ഇനി മറുപടി പറയേണ്ടത് കോണ്‍ഗ്രസാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത്‌ യു.ഡി.എഫ്‌ സംവിധാനം എന്ന്‌ മുതലാണ്‌ ഇല്ലാതായതെന്ന്‌ ചോദ്യത്തിന്‌. ഇതിനു വളരെ പഴക്കമുണ്ടെന്നും 1970 മുതല്‍ നില നില്‍ക്കുന്നതാണ്‌ തര്‍ക്കമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ദുബായിലായിരുന്ന കുഞ്ഞാലിക്കുട്ടി ഇന്നു രാവിലെ തിരിച്ചെത്തി പാണക്കാട്ടു ചെന്ന്‌ തങ്ങളെ കണ്ട്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത ശേഷമാണ്‌ യോഗത്തില്‍ സംബന്ധിച്ചത്‌.