പരാമര്‍ശം സ്റ്റേ ചെയ്തത് സ്വാഗതാര്‍ഹം: ഉമ്മന്‍ചാണ്ടി

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (16:49 IST)
PRO
സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ തനിക്കും ഓഫീസിനും എതിരായുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വിധിയിലൂടെ തന്‍റെ ഭാഗം ശരിയാണെന്ന് തെളി‌ഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. കോടതിയോട് തനിക്ക് ബഹുമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിധിയെ സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ സി ജോസഫും കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയും പറഞ്ഞു. ഈ വിധിയോട് വി എസും സി പി എമ്മും എങ്ങനെ പ്രതികരിക്കുമെന്ന് ആന്‍റണി ചോദിച്ചു.

രണ്ട് പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് താല്‍ക്കാലിക ആ‍ശ്വാസമായി.

തന്‍റെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം നല്‍കണം, മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരുണ്ട് എന്നീ ഹൈക്കോടതി പരാമര്‍ശങ്ങളാണ് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോഴത്തെ വിധി ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്തമെന്നും പേഴ്‌സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി പരാമര്‍ശമെന്ന് അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ നല്‍കിയത്. കേസില്‍ കക്ഷിയല്ലാത്ത ഭരണാധികാരിയെ കോടതികള്‍ നേരിട്ട് വിമര്‍ശിക്കരുതെന്ന് മുമ്പ് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്. ഈ വിധി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.