പരാതിക്കാരിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം. അച്‌ഛന്‍ ആസിഡ് ഒഴിച്ച് പരുക്കേല്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസുകാര്‍ക്ക് എതിരെ നടപടി.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അച്‌ഛന്‍ മുഖത്ത് ആസിഡ് ഒഴിച്ച പെണ്‍കുട്ടി പൊലീസില്‍ പരാതി നല്കിയിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പൊലീസുകാര്‍ 2000 രൂപ കൈക്കൂലി വാങ്ങിയത്. എസ് ഐ ബഷീര്‍, എ എസ് ഐ അബ്ബാസ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് എസ് ഐ ബഷീറിനെ മറവൂരിലേക്കും എ എസ് ഐ അബ്ബാസിനെ ദേവികുളത്തേക്കും സ്ഥലം മാറ്റി. പരാതിയില്‍ മൊഴിയെടുക്കാന്‍ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷനില്‍ പൊലീസ് ജീപ്പ് ഇല്ലാത്തതിനാല്‍ ടാക്സി വിളിച്ചാണ് വന്നതെന്നും അതിനാല്‍ ഓരോരുത്തര്‍ക്കും 1000 രൂപ നല്കണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം.
മകളുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ വെള്ളിയാമറ്റം ഒഴുകത്തൊട്ടിയില്‍ ചാക്കോ ജോസഫ് (60) നെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖത്തിനും ഇടതുകണ്ണിനും പരിക്കേറ്റ മകള്‍ അലീന (20) അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.