തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വിനിയോഗിക്കാത്ത പദ്ധതി തുകയുടെ 20 ശതമാനം അടുത്ത വര്‍ഷത്തേയ്ക്ക് ക്യാരി ഓവര്‍ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.
അടുത്ത വര്‍ഷം മുതല്‍ പദ്ധതി വിനിയോഗത്തിനായി സമയബന്ധിത പരിപാടി ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍സ്റ്റിട്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. പദ്ധതി രേഖ അംഗീകരിക്കാന്‍ വൈകിയതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വിനിയോഗിക്കുന്നതില്‍ വീഴ്ച വരാന്‍ കാരണം.
പദ്ധതി തുകയുടെ 20 ശതമാനം ക്യാരി ഓവര്‍ ചെയ്യാന്‍ അനുവദിക്കുമെങ്കിലും പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി നീട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ ട്രഷറി നിയന്ത്രണം ഇല്ലെന്നും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുണ്ടെന്നും ഈ സ്ഥിതി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.