ചാലക്കുടിയില്‍ സി പി എമ്മിന് തിരിച്ചടി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ പത്‌മജാ വേണുഗോപാല്‍ വന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി കലാഭവന്‍ മണിയെ നിര്‍ത്താനായിരുന്നു സി പി എം തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാന്‍ താനില്ലെന്ന് മണി വ്യക്തമാക്കി.
ഇപ്പോള്‍ മാത്രമല്ല, ഈ ജന്‍മത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നാണ് കലാഭവന്‍ മണി വ്യക്തമാക്കിയത്. ഇതോടെ ചാലക്കുടിയിലെ യു ഡി എഫ് ക്യാമ്പ് ഉത്സാഹത്തിലായി. എല്‍ ഡി എഫിന് മണിയെപ്പോലെ ജനകീയ മുഖമുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിക്കേണ്ട ചുമതലയും കൈവന്നിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മണി പിന്‍മാറാനുള്ള കാരണമെതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കാള്‍, സിനിമാഭിനയം തുടര്‍ന്നുകൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുന്നതാണ് നല്ലതെന്ന് മണിയെ ചിലര്‍ ഉപദേശിച്ചതായാണ് വിവരം.
ഇപ്പോള്‍ മണിക്ക് നല്ല മാര്‍ക്കറ്റ് ഉള്ള സമയമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും മണി തിളങ്ങുന്നു. ഈ അവസരങ്ങള്‍ എപ്പോഴും ലഭിക്കണമെന്നില്ല. മാര്‍ക്കറ്റ് കുറയുന്ന ഒരു സാഹചര്യമുണ്ടായാല്‍ അപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് കുഴപ്പമൊന്നുമില്ലെന്ന് ചിലര്‍ മണിക്ക് ഉപദേശം നല്‍കിയതായാണ് സൂചന.
എന്തായാലും, മണി മത്സരിച്ചിരുന്നെങ്കില്‍ പത്‌മജ പരാജയം രുചികാനുള്ള സാധ്യതയായിരുന്നു യു ഡി എഫ് ക്യാമ്പ് പോലും മുന്നില്‍ കണ്ടത്. മണി പിന്‍മാറിയതോടെ, പത്മജയ്ക്ക് വിജയസാധ്യതയേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.