പത്മ പുരസ്കാരം: ബ്ലസിയും പട്ടികയില്‍

Webdunia
ശനി, 22 ജനുവരി 2011 (13:30 IST)
PRO
ഈ വര്‍ഷത്തെ പത്മ പുരസ്കാരത്തിനുള്ള അന്തിമപ്പട്ടികയില്‍ മലയാളത്തില്‍ നിന്ന് അഞ്ചുപേര്‍. ചലച്ചിത്ര സംവിധായകന്‍ ബ്ലസിയും പട്ടികയിലുണ്ട്. ബ്ലസിയെ കൂടാതെ, കവി ഒ എന്‍ വി കുറുപ്പ്, സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍, ആരോഗ്യരംഗത്തു നിന്ന് കെ മോഹന്‍ ദാസ്, മരണാനന്തര ബഹുമതിയായി ആയുര്‍വേദാചാര്യന്‍ രാഘവന്‍ തിരുമുല്‍പ്പാട് എന്നിവരുടേതാണ് അന്തിമപ്പട്ടികയിലെ മറ്റു പേരുകള്‍. പട്ടികയില്‍ ഇനിയും വ്യത്യാസം വന്നേക്കുമെന്നാണ് സൂചനകള്‍.

1303 പേരുടെ പട്ടികയില്‍ നിന്നാണ് 33 പേരുടെ അന്തിമപ്പട്ടിക തയ്യാറാക്കിയത്. ഷാജി എന്‍ കരുണ്‍, കെ ജെ യേശുദാസ്, എം ജി ശ്രീകുമാര്‍, കെ പി എ സി ലളിത, മാര്‍ഗി സതി എന്നീ പ്രമുഖരുടെ പേര് ഒഴിവാക്കിയാ‍ണ് അന്തിമപ്പട്ടിക തയ്യാറായിരിക്കുന്നത്. അതേസമയം, മമ്മൂട്ടി, ജയറാം എന്നിവരുടെ പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ബ്ലസിയുടെ പേര് നിര്‍ദ്ദേശിച്ചത് സമിതി സ്വന്തം നിലയ്ക്കാണ്.

അതേസമയം, പത്മ പുരസ്കാരത്തിനായി കേരളത്തില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട പേരുകള്‍ രാഷ്ട്രീയ നിര്‍ദ്ദേശങ്ങളോടെ ആ‍യിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. പത്മ പുരസ്കാ‍രത്തിനായി സംസ്ഥാനസര്‍ക്കാര്‍ 40 പേരുടെ മാരത്തോണ്‍ ലിസ്റ്റ് ആയിരുന്നു സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, സി ദിവാകരന്‍, ജോസ്‌ തെറ്റയില്‍, എന്‍ കെ പ്രേമചന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണു പേരുകള്‍ ശിപാര്‍ശചെയ്‌തു ലിസ്‌റ്റ് തയാറാക്കിയത്‌. മന്ത്രിസഭാ ഉപസമിതിയില്‍ ഇല്ലെങ്കിലും ആറു പേരെ മന്ത്രി കെ പി രാജേന്ദ്രനും സമിതിയില്‍ ഉള്‍പ്പെട്ട മന്ത്രി സി ദിവാകരന്‍ 11 പേരെയും ശുപാര്‍ശ ചെയ്‌തിരുന്നു..

അപ്രശസ്തരായ നിരവധി പേരുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതില്‍, ഡോ എം എസ് സ്വാമിനാഥനും ഗായകന്‍ കെ ജെ യേശുദാസും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം ഡി ഡോ ഇ ശ്രീധരനും അടക്കം ഏതാനുംപേര്‍ ഉള്‍പ്പെട്ടതായിരുന്നു ഏക ആശ്വാസം. എന്നാല്‍, ഇവരാരും പത്മ പുരസ്കാരത്തിനുള്ള അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടില്ല.