പത്ത് വീടുകള്‍ ഉള്‍പ്പടെ മണിക്ക് ഉള്ളത് കോടികളുടെ സ്വത്തുക്കള്‍

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2016 (18:50 IST)
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മണിക്ക് കൂറ്റന്‍ ബംഗ്ലാവുള്‍പ്പടെ പത്തു വീടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതിനു പുറമെ പലയിടങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂമിയും മണിക്കുണ്ടെന്നാണ് രജിസ്ട്രാര്‍ ഓഫീസിലും വില്ലേജ് ഓഫീസികളിലുമായി നടത്തിയ പരിശോധനയില്‍ നിന്നും പൊലീസിന് കിട്ടിയ വിവരം. അടിമാലിയിലെ തോട്ടവും ഇതില്‍ ഉള്‍പ്പെടും. വീടുകളില്‍ പലതും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. 
 
പാഡിയില്‍ മാത്രം മണിക്ക് ഒരേക്കര്‍ ഭൂമിയുണ്ട്. ഇതിനു മാത്രം രണ്ടു കോടിയോളം രൂപ വിലമതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പാഡിയുടെ അടുത്തുള്ള ജാതിത്തോട്ടം വാങ്ങാന്‍ മണി തീരുമാനിച്ചിരുന്നു. അഞ്ചു കോടിക്ക് വാങ്ങുവാനായി ടോക്കനും നല്‍കിയിരുന്നു. 
 
ഇതുകൂടാതെ മൂന്നുമാസം കൂടുമ്പോള്‍ മൂന്നര ലക്ഷം അടക്കുന്ന മണിയുടെ പേരിലുള്ള ഇന്‍ഷൂറന്‍സ് പോളിസി കാലാവധി പൂര്‍ത്തിയായിരുന്നു. ഏതാണ്ട് മൂന്നരക്കോടി രൂപയുടെ ഇന്‍ഷൂറന്‍സ് ആയിരുന്നു ഇത്. 
 
മണിയുടെ സ്വത്തുകളുടെ വരുമാനം കൈകാര്യം ചെയ്തിരുന്നത് ഭാര്യാ പിതാവായ സുധാകരനാണ്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. മണിയുടെ രക്ത സാമ്പിളുകളും ആന്തരികാവയവ ഭാഗങ്ങളും വിദഗ്ധ പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചു. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക. മരണത്തിന് മുമ്പും ശേഷവുമുള്ള സാമ്പിളുകളാണ് അയക്കുക.
 
അന്വേഷണസംഘത്തെ ആറ് വിഭാഗങ്ങളായി തിരിച്ചു. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.