പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും
വെള്ളി, 6 ഡിസംബര്‍ 2013 (11:38 IST)
PRO
കേരളത്തിന്റെ പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. ഔപചാരിക ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.പ്രശസ്ത അഭിനേത്രി ശബാന ആസ്മി മുഖ്യാതിഥിയായിരിക്കും.
മെക്‌സിക്കന്‍ അംബാസഡര്‍ ജെയ്മി ന്യുവാള്‍ട്ട്, മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍, സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്, ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, ആരോഗ്യ മന്ത്രി വി എസ്. ശിവകുമാര്‍, കെ മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും.
ചടങ്ങില്‍ പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും. ഉദ്ഘാടനശേഷം സിനിമയുടെ നൂറാം വര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലൊരുക്കുന്ന 70 കലാകാരന്‍മാര്‍ അണിനിരക്കുന്ന പ്രത്യേക കലാപരിപാടി നടക്കും.
ഉദ്ഘാടനച്ചടങ്ങിനുശേഷം ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ 'അന -അറേബ്യ' പ്രദര്‍ശിപ്പിക്കും.ഇന്ന് മുതല്‍ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 12 വേദികളിലായി 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 9000ത്തോളം ഡെലിഗേറ്റുകളാണ് ഇക്കുറി സിനിമ കാണാനെത്തുക.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഫെസ്റ്റിവല്‍ ഓട്ടോകള്‍ക്ക് പുറമെ ഇത്തവണ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാന്‍ ഷീ ടാക്‌സി, പിങ്ക് ഓട്ടോ എന്നിവയുടെ സേവനവും ലഭ്യമാണ്.
നഗരത്തിലെ കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, അജന്ത എന്നിങ്ങനെ 11 തീയേറ്ററുകളില്‍ രാവിലെ 8.45 മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.