പണിമുടക്കിനിടെ പെട്രോളിനായി നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി സപ്ലൈകോയുടെ രണ്ട് പെട്രോള്‍ പമ്പുകള്‍ തുറന്നു. അത്യാവശ്യ ഉപയോഗത്തിന് പോലും പെട്രോള്‍ കിട്ടാതായതോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
സ്റ്റാച്യൂവിന് സമീപമുള്ള സിവില്‍ സപ്ലൈസിന്റെ പമ്പില്‍ രാവിലെ മുതല്‍ ആളുകള്‍ ക്യൂവായിരുന്നു. ആളുകള്‍ അധികമായതോടെ ഈ പമ്പ് തുറന്നെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ സ്റ്റോക്ക് തീര്‍ന്നു. തുടര്‍ന്ന് വെള്ളയമ്പലത്തെ പമ്പിലേക്ക് ആളുകള്‍ നീങ്ങി. ഇവിടെ പമ്പ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആളുകളുടെ എണ്ണം കൂടുകയും പമ്പ് തുറക്കാന്‍ വൈകുകയും ചെയ്തതോടെ ബഹളവും തുടങ്ങി. ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് ക്യൂ നിന്നവരില്‍ കുറച്ചുപേരെ മടക്കി അയച്ചു.
ഒടുവില്‍ ഒന്നര മണിക്കൂറിന് ശേഷം പമ്പ് മാനേജരെത്തി. പമ്പ് തുറക്കാന്‍ ആദ്യം തയാറായില്ലെങ്കിലും പൊലീസ് സംരക്ഷണമുണ്ടെന്ന് ആളുകള്‍ വിളിച്ചുകൂവിയതോടെ തുറക്കുകയായിരുന്നു.