താഴെയും മുകളിലും വ്യാജഡോളറും നടുക്ക് വെള്ളപേപ്പറുമായി 37കെട്ടുകളും വ്യാജഡോളര്‍ മാത്രം അടുക്കിയ രണ്ടുകെട്ടുകളും വെള്ളപേപ്പര്‍ മാത്രമുള്ള 12കെട്ടുകളും ഉള്‍പ്പെടെ 51 കെട്ടുകളിലായി 100 എന്ന് രേഖപ്പെടുത്തിയ 353 വ്യാജഡോളറുകളാണ് കണ്ടെടുത്തത്.
അതേസമയം, ബാംഗ്ലൂരിലെത്തിയാല്‍ പണം തിരികെനല്‍കാമെന്ന് അറിയിച്ചതിനാല്‍ സദാനന്ദന്‍ ജിതേന്ദ്രനൊപ്പം അവിടെയെത്തി. വില്യം എന്ന പേരിലെത്തിയ നൈജീരിയന്‍ സ്വദേശി, ജിതേന്ദ്രന് ഒരു പെട്ടിയില്‍ ഡോളര്‍ കൈമാറുന്നത് കണ്ടെന്നും സദാനന്ദന്‍ ഈസ്റ്റ് പൊലീസ്‌സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
ഇന്‍റര്‍നെറ്റ് വഴിയുള്ള രണ്ടുവര്‍ഷത്തെ സൗഹൃദത്തിലൂടെയാണ് നൈജീരിയക്കാരനെ പരിചയപ്പെട്ടതെന്ന് ജിജേന്ദ്ര മൊഴിനല്‍കിയെന്ന് പൊലീസ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ സുഹൃത്താണെന്നും സാമ്പത്തിക നിധിയില്‍നിന്ന് സഹായം ലഭ്യമാക്കാമെന്ന് കാണിച്ചും ഇ-മെയില്‍സന്ദേശം കിട്ടിയതോടെയാണ് സാമ്പത്തിക ഇടപാടിന് തുടക്കമിട്ടത്.
ഒമ്പത് ദശലക്ഷം യുഎസ് ഡോളര്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇത് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിനും പണമടങ്ങുന്ന പെട്ടി എത്തിക്കുന്നതിനുംവേണ്ടി പലപ്രാവശ്യമായി തുകയും എത്തിച്ചുകൊടുത്തു. പലരില്‍നിന്ന് കടംവാങ്ങി 10ലക്ഷത്തോളംരൂപയാണ് ഇങ്ങനെ കൈമാറിയതത്രെ.
നമ്പര്‍ ലോക്കറിനുള്ളില്‍ വ്യാജഡോളര്‍- അടുത്ത പേജ്
2.8 ദശലക്ഷം ഡോളര്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് രണ്ടുപെട്ടികള്‍ ജിജേന്ദ്രക്ക് നല്‍കിയത്.പ്രത്യേക നമ്പര്‍ലോക്ക് സംവിധാനമുള്ള പെട്ടിയുടെ നമ്പര്‍ തുക നല്‍കുന്നതനുസരിച്ച് പറയാമെന്നായിരുന്നു വ്യവസ്ഥയെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍രഹസ്യമായി സൂക്ഷിച്ച പെട്ടികള്‍ പൊലീസ് തുറന്നുപരിശോധിച്ചപ്പോഴാണ് വ്യാജഡോളറാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചനാകുറ്റം ചുമത്തിയ പോലീസ്, കൃഷ്ണകുമാരിയുടെ വീട് പരിശോധനയ്ക്കായി കോട്ടയം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് സെര്‍ച്ച്‌വാറണ്ട് വാങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ കൃഷ്ണകുമാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന വ്യാജ വിദേശ കറന്‍സികള്‍ കണ്ടെടുത്തത്.
വഞ്ചനാക്കുറ്റത്തിനും വ്യാജ വിദേശകറന്‍സി കൈവശംവച്ചതിനുമുള്ള കേസാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎസ്പി സി അജിത്തിന്റെ മേല്‍നോട്ടത്തില്‍ സിഐ റിജോ ജോസഫ്, എസ്ഐ കെപിടോംസണ്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.