നേതൃമാറ്റം: ഹൈക്കമാന്‍ഡ് തീരുമാനം നാളെ

Webdunia
ഞായര്‍, 28 ജൂലൈ 2013 (14:26 IST)
PRO
നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് നാളെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് തിരിക്കും.

സോളാര്‍ വിവാദങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയില്‍ എത്തുന്നതോടെ മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.

അതേസമയം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഐ ഗ്രൂപ്പ് യോഗം നടന്നു. കെ സി വേണുഗോപാല്‍, ജോസഫ് വാഴയ്ക്കന്‍, വി ഡി സതീശന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിസഭയിലേക്ക് ചെന്നിത്തല വരണമെന്ന് ആവശ്യമുയരുന്നതിനിടെയായിരുന്നു യോഗം.

ഇന്നലെ രമേശ് ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും അഹമ്മദ് പട്ടേലുമായും ചര്‍ച്ച നടത്തി. തന്റെ മന്ത്രിസഭാ പ്രവേശനം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ചെന്നിത്തല പറഞ്ഞത്.