നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: എസ് ഐ കീഴടങ്ങി

വ്യാഴം, 4 ഏപ്രില്‍ 2013 (13:14 IST)
PRO
PRO
നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ നാലാംപ്രതി എമിഗ്രേഷന്‍ എസ് ഐ രാജു മാത്യു കീഴടങ്ങി. ഒരു വര്‍ഷമായി ഒളിവിലായിരുന്ന ഇയാള്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍.

ഗള്‍ഫിലേക്ക് വ്യാജ പാസ്‌പോര്‍ട്ടുമായി സ്ത്രീകളെ ഇയാള്‍ കയറ്റിവിട്ടു എന്നതാണ് കേസ്. പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട യുവതി മസ്‌ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് യാത്ര ചെയ്തതെന്ന് വ്യക്തമായത്. ഇവര്‍ക്ക് വിദേശത്തേക്ക് കടക്കാനുള്ള ഒത്താശ ചെയ്തുകൊടുത്തത് രാജു മാത്യുവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

കേസില്‍ ഒന്നാം പ്രതിയായ പൊലീസ് കോണ്‍സ്റ്റബിള്‍ എ പി അജീബ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് കേസില്‍ വഴിത്തിരിവുണ്ടായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്നുള്ളതാണ് പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുള്ളത്.

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസ് സിബിഐക്ക് വിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന ഹൈക്കോടതി നിരീക്ഷണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

വെബ്ദുനിയ വായിക്കുക