നെടുമ്പാശേരി സ്വര്‍ണക്കടത്ത്: മുന്‍ മിസ് സൗത്ത് ഇന്ത്യയെ ചോദ്യം ചെയ്തു

Webdunia
തിങ്കള്‍, 9 ഡിസം‌ബര്‍ 2013 (19:32 IST)
PRO
PRO
നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകരനെ ചോദ്യം ചെയ്തു. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി ഫയിസിന്റെ അടുത്ത സുഹൃത്താണ് ചെന്നൈ സ്വദേശിയായ ശ്രവ്യ. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം ഇരുവരും ചേര്‍ന്ന് അഞ്ചു തവണ ദുബായില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും സിബിഐയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സിബിഐ ചോദ്യം ചെയ്തത്.

ശ്രവ്യയെ ഉപയോഗിച്ച് ഫയിസ് നിരവധി തവണ സ്വര്‍ണം കടത്തിയതായി സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ നെടുമ്പാശേരി വഴിയുള്ള മനുഷ്യക്കടത്തിനും ഫയിസ് ശ്രവ്യയെ ഉപയോഗിച്ചതായി അന്വേഷണേദ്യോഗസ്ഥര്‍ സംശയിക്കുന്നു. വിസിറ്റിംഗ് വിസ ഉപയോഗിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേയ്ക്ക് കടത്തിയതെന്ന് സംശയിക്കുന്നു. ഈ പെണ്‍കുട്ടികളെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മാത്രമല്ല, മാംസക്കച്ചവടത്തിനും ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.