നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ മലബാറിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫയിസിനെ സഹായിച്ച കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യും. നെടുമ്പാശേരി വിമാനത്താവളം വഴി ആറു തവണയായി സ്വര്‍ണ്ണം എത്തിച്ചത് മലബാറിലെ പ്രമുഖ ജ്വല്ലറികളിലേക്കായിരുന്നെന്നാണ് ഫയിസിന്റെ മൊഴി. 12 കോടി രൂപയുടെ സ്വര്‍ണം ഇങ്ങനെ കൈമാറിയതായി കസ്റ്റംസും സത്യവാങ്മൂലം നല്‍കിയിരുന്നു.
വിമാനത്താവളത്തില്‍ വെച്ച് സ്വര്‍ണ്ണം ഇടപാടുകാര്‍ക്ക് കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ശക്തമാക്കിയത്. പല ജ്വല്ലറി ഉടമകളും ഓരോ തവണയും വലിയ അളവിലാണ് സ്വര്‍ണ്ണം വാങ്ങിയിരുന്നത്. സ്വര്‍ണ്ണക്കട്ടികളുടെ ഇറക്കുമതി തീരുവ 10 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണ് ജ്വല്ലറികള്‍ ഫയിസിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതും ജ്വല്ലറികള്‍ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ കള്ളസ്വര്‍ണമില്ലാതെ സംസ്ഥാനത്ത് കച്ചവടം നടത്താന്‍ കഴിയില്ലെന്ന് ജ്വല്ലറി ഉടമകള്‍ സിബിഐയോട് വ്യക്തമാക്കിയതായും സൂചനയുണ്ട്.
അതിനിടെ മുഖ്യപ്രതി ഫയിസിന്റേയും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സോണി എന്നീ ഉദ്യോഗസ്ഥരുടെയും ഫയിസിന്റേയും മൂന്നു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ സിബിഐ പരിശോധിക്കും.