നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍

Webdunia
തിങ്കള്‍, 25 മെയ് 2015 (18:25 IST)
ബാര്‍കോഴ ആരോപണ കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാര്‍ ഉടമകള്‍. ബാര്‍ ഉടമ രാജ്‌കുമാര്‍ ഉണ്ണി ഉള്‍പ്പെടെയുള്ള നാല് ബാറുടമകള്‍ ആണ് വിജിലന്‍സ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
 
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് ബാര്‍ ഉടമകളുടെ അഭിഭാഷകന്‍ കൊല്ലംകോട് ജയചന്ദ്രന്‍ പറഞ്ഞു. നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന് കോടതി ചോദിച്ചപ്പോള്‍ ഇക്കഴിഞ്ഞ നാലിനും 16നും കോടതി അപേക്ഷ പരിഗണിച്ചപ്പോള്‍ ബാറുടമകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
 
നുണപരിശോധന നടത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്നും മറ്റും അറിയുന്നതിനായി രണ്ടുമാസത്തെ സമയം ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. മെയ് 25ന് നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 
 
ഇതിനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ ഇന്ന് കോടതിയില്‍ നേരിട്ട് എത്തി നിലപാട് വ്യക്തമാക്കിയത്.